
വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള ദളപതി വിജയ്യുടെ ശ്രമങ്ങളെ അഭിനന്ദിച്ച് നടൻ കാർത്തി. അഗരം ഫൗണ്ടേഷന്റെ 44-ാമത് അവാർഡ് ദാന ചടങ്ങിനായി സൂര്യയും കാർത്തിയും എത്തിയപ്പോഴായിരുന്നു കാർത്തിയുടെ പ്രതികരണം. അഗരം ഫൗണ്ടേഷനും ശിവകുമാർ എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി ഇന്ന് നടത്തിയ പുരസ്കാര ദാന ചടങ്ങിൽ സഹോദരങ്ങൾക്കൊപ്പം കുടുംബവും പങ്കെടുത്തിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽപ്പെട്ടവർക്കും വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഫൗണ്ടേഷന്റെ ലക്ഷ്യം.
മുൻപ് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക് മാത്രമാണ് ഫൗണ്ടേഷൻ പുരസ്കാരം നൽകിയിരുന്നതെങ്കിൽ ഇപ്പോൾ മികച്ച സ്കോർ നേടിയ, പിന്നാക്ക കുടുംബങ്ങളിൽ നിന്നുള്ള, ഗ്രാമങ്ങളിൽ നിന്നും വിദൂര സ്ഥലങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്കും പുരസ്കാരം നൽകുന്നുണ്ട്. ചടങ്ങിൽ സൂര്യയും കാർത്തിയും വിദ്യാഭ്യാസത്തിന്റെ മൂല്യത്തെക്കുറിച്ചും സംസാരിച്ചു. ചടങ്ങിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് ദളപതി വിജയ് ശ്രമിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു കാർത്തിയുടെ മറുപടി. 'വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി വിജയ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ സന്തോഷമുണ്ട്. വിദ്യാർത്ഥികൾക്കായി വിജയ് മുന്നിട്ടിറങ്ങിയത് മഹത്തരമായ കാര്യമാണ്', കാർത്തി സംസാരിച്ചു.
ചടങ്ങിൽ സൂര്യയും നിഷേധാത്മകതയെ നേരിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. 'നമ്മെ ചുറ്റിപ്പറ്റിയുള്ള നെഗറ്റിവിറ്റിയെ ശ്രദ്ധിക്കരുത്. ഒരാൾ 10 സെക്കൻഡ് മോശമായി സംസാരിച്ചാൽ, നിങ്ങളുടെ ദിവസം മുഴുവൻ അതിനെക്കുറിച്ച് ചിന്തിച്ച് പാഴാക്കരുത്. നിഷേധാത്മകതടെ മാറ്റി നിർത്തി ഉയരുന്നതിനെക്കുറിച്ചും നിങ്ങളുടെ സ്വന്തം വ്യക്തിയാകുന്നതിനെക്കുറിച്ചും മാത്രം ചിന്തിക്കുക', സൂര്യ വിദ്യാർത്ഥികളോടായി പറഞ്ഞു.