
തെലുങ്ക് സിനിമയിൽ വലിയ ആരാധക വൃന്ദമുള്ള താരമാണ് മഹേഷ് ബാബു. നടന്റെ പാത പിന്തുടർന്ന് മകൾ സിതാരയും സ്ക്രീൻ പ്രസൻസ് കൊണ്ട് ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ്. ഈയടുത്താണ് താരപുത്രി ഒരു പരസ്യത്തിൽ അഭിനയിച്ചത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തന്റെ ആദ്യ പരസ്യത്തിൽ നിന്ന് ലഭിച്ച പ്രതിഫലം സാമൂഹ്യ സേവന സംഘടനയ്ക്ക് നൽകിയിരുന്നു. ഇപ്പോൾ സിതാരയുടെ പ്രവർത്തിയിൽ അഭിനന്ദനങ്ങളറിയിച്ചെത്തിയിരിക്കുകയാണ് മഹേഷ് ബാബുവിന്റെ ആരാധകർ.
സിനിമ കാണാനും അഭിനയിക്കാനും ഒരുപാട് ഇഷ്ടമാണെന്ന് സിതാര ഒരു അഭിമുഖത്തിൽ മുൻപ് പറഞ്ഞിട്ടുണ്ട്. പ്രിൻസസ് ജ്വല്ലറിയുടെ പരസ്യത്തിലാണ് താരപുത്രി അഭിനയിച്ചത്. ഈ പരസ്യം ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ലോഞ്ച് ചെയ്തിരുന്നു. 'അഭിമാന നിമിഷം' എന്നാണ് ടൈംസ് സ്ക്വയറിലെ ലോഞ്ചിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് മഹേഷ് ബാബു സോഷ്യൽ മീഡിയയിൽ കുറിച്ചത്.
മഹേഷ് ബാബു നായകനായ 'സർക്കാരു വാരി പാട്ട' എന്ന ചിത്രത്തിലെ ഒരു പാട്ടിൽ സിതാര അഭിനയിച്ചിട്ടുണ്ട്. കൂടാതെ 2019-ൽ പുറത്തിറങ്ങിയ ഡിസ്നി ചിത്രം 'ഫ്രൊസൺ 2'-ന്റെ തെലുങ്ക് വേർഷന് എൽസ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയതും സിതാരയാണ്. താരപുത്രിയുടെ സിനിമ അരങ്ങേറ്റത്തിന് പിന്തുണയറിയിച്ചും പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.