
ശിവകാർത്തികേയൻ നായകനായ ഫാന്റസി ചിത്രം 'മാവീരൻ' ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തിയത് ഇന്നലെയാണ്. താരത്തിൻ്റെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രണയം ചിത്രത്തിൽ പ്രധാന പ്രമേയമായിരുന്നില്ല. ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങിയ ചിത്രം കളക്ഷനിലും മുന്നോട്ട് നിൽക്കുന്ന കാഴ്ചയാണ് തിയേറ്ററുകളിൽ.
സ്പെഷ്യൽ ഷോകളോ ഫാൻസ് ഷോകളോ ഇല്ലാതെ തുടങ്ങിയിട്ടും ആദ്യ പ്രദർശനങ്ങളിലെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി തുടർന്നുള്ള ഷോകൾക്ക് ഗുണകരമായി. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 7.1 കോടി രൂപയാണ് ആദ്യ ദിനം മാവീരൻ സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്. ഈ വർഷം തമിഴ്നാട്ടിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ മികച്ച ഓപ്പണിങ് കളക്ഷൻ നേടുന്ന ചിത്രങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തും മാവീരനുണ്ട്.
മാവീരൻ എന്ന സൂപ്പർഹീറോ കഥാപാത്രത്തെ വരയ്ക്കുന്ന കാർട്ടൂണിസ്റ്റ് ആണ് സിനിമയിലെ ശിവകാർത്തികേയൻ കഥാപാത്രം. 2021ലെ ഹിറ്റ് ചിത്രം 'മണ്ടേല' ഒരുക്കിയ മഡോണി അശ്വിനാണ് ചിത്രത്തിന്റെ സംവിധായകൻ. ശിവകാർത്തികേയൻ സ്വന്തം ബാനറിൽ നിർമ്മിച്ച ചിത്രം തമിഴ്നാട്ടിൽ വിതരണം ചെയ്യുന്നത് ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയിന്റ് മൂവീസാണ്. ആമസോൺ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.