'പ്രണയരംഗങ്ങള് ഒരു പാട്ടില് മാത്രം'; ശിവകാർത്തികേയന്റെ 'മാവീരൻ' മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തം

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം

dot image

ശിവകാർത്തികേയൻ നായകനാകുന്ന പുതിയ ചിത്രം 'മാവീരനാ'യുള്ള കാത്തിരിപ്പിലാണ് തമിഴ് സിനിമാ ലോകം. ഏറെ ആരാധകരുള്ള താരത്തിൻറെ മുൻ ചിത്രം 'പ്രിൻസ്' പരാജയമായിരുന്നു. തുടർന്ന് വരുന്ന റിലീസ് എന്ന നിലയിലും 'മണ്ടേല' എന്ന വിജയ ചിത്രത്തിന്റെ സംവിധായകൻ മഡോണി അശ്വിനൊപ്പം ഒന്നിക്കുന്നതിനാലും വലിയ ഹൈപ്പാണ് മാവീരനുള്ളത്.

ഹൈദരാബാദിൽ വച്ചു നടന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിനിടെ ശിവകാർത്തികേയൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. പതിവ് ശിവകാർത്തികേയൻ ചിത്രങ്ങൾ പോലെ പ്രണയത്തിൽ ഒതുങ്ങുന്നതല്ല മാവീരൻ എന്ന സൂചനയാണ് താരം നൽകിയത്. 'അദിതി ഷങ്കറിനൊപ്പം വണ്ണാരപ്പേട്ടയില എന്ന ഗാനമല്ലാതെ മറ്റു പ്രണയരംഗങ്ങളൊന്നും സിനിമയിലില്ല,' എന്ന് ശിവകാർത്തികേയൻ പറഞ്ഞു.

സൂപ്പർഹീറോ കോമിക്സ് വരയ്ക്കുന്ന ഒരു യുവാവിന് അതിലെ സൂപ്പർ ഹീറോയുടെ പവർ ലഭിക്കുന്നതാണ് ചിത്രത്തിന്റെ കഥാതന്തു എന്നാണ് റിപ്പോർട്ട്. സംവിധായകൻ മിഷ്കിൻ ആണ് സിനിമയിൽ പ്രതിനായക വേഷം കൈകാര്യം ചെയ്യുന്നത്. ശിവകാർത്തികേയൻ സ്വന്തം ബാനറിൽ നിർമ്മിക്കുന്ന ചിത്രം തമിഴ്നാട്ടിൽ വിതരണം ചെയ്യുക ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയിന്റ് മൂവീസാണ്. ആമസോൺ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജൂലൈ 14നാണ് മാവീരന്റെ തിയേറ്റർ റിലീസ്.

അതേസമയം, ശിവകാർത്തികേയൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നതായി നടൻ ആദി വിശേഷ് ഇവന്റിൽ വെളിപ്പെടുത്തി. കൂടുതൽ വിശദാംശങ്ങൾ നടൻ പങ്കുവെച്ചില്ല. ആദിവി ശേഷിന്റെ വെളിപ്പെടുത്തലിന് ശിവകാർത്തികേയൻ ആരാധകരിൽ നിന്ന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്.

dot image
To advertise here,contact us
dot image