
മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭം 'ബറോസി'നായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. ഫാന്റസി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ചിത്രത്തിലെ ഫൈറ്റ് പ്രീ വിഷ്വലൈസേഷന് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. പ്രശസ്ത ആക്ഷൻ ഡയറക്ടറായ ജയ് ജെ ജക്രിയും സംഘവുമാണ് വീഡിയോയിലുള്ളത്.
എന്നാല് സിനിമയ്ക്കുവേണ്ടി ചിത്രീകരിച്ച ഈ രംഗം ഒഴിവാക്കിയെന്നാണ് ജയ് ജെ ജക്രി പറയുന്നത്. 2021 മാർച്ച് 24നായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. 170 ദിവസത്തോളം ചിത്രീകരണം നടന്ന സിനിമ ഇപ്പോള് പോസ്റ്റ് പ്രൊഡക്ഷന് ഘട്ടത്തിലാണ്. സംവിധായകനായി മാത്രമല്ല, ചിത്രത്തിന്റെ ടൈറ്റില് റോളിലും മോഹൻലാൽ എത്തുന്നുണ്ട്.
ഓണം റിലീസായി ബിഗ് സ്ക്രീനിൽ എത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 'മൈ ഡിയര് കുട്ടിച്ചാത്തന്റെ' സംവിധായകൻ ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ബറോസ് ഒരുക്കുന്നത്. ആദ്യ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമെന്ന നിലയ്ക്ക് വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കും അതുപോലെ മോഹൻലാലിനും ബറോസിനെ കുറിച്ചുള്ളത്.