ആദിപുരുഷിന്റെ കാര്യത്തിൽ ക്ഷമ ചോദിക്കുന്നുവെന്ന് മനോജ് മുൻതാഷിർ; വൈകിപ്പോയെന്ന് സിനിമയുടെ വിമർശകർ

ബോളിവുഡിൽ ഈ അടുത്ത കാലത്തെ ഏറ്റവും വലിയ മുതൽമുടക്കിൽ നിർമ്മിച്ച ചിത്രം ഏറ്റവും മോശം കളക്ഷനുമായാണ് തിയേറ്റർ വിട്ടത്

dot image

സംഭാഷണ വിവാദത്തിൽ ക്ഷമ ചോദിച്ച് ആദിപുരുഷിന് സംഭാഷണങ്ങൾ ഒരുക്കിയ മനോജ് മുൻതാഷിർ. സിനിമ ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് മനസിലാക്കുന്നുവെന്നും കൂപ്പു കൈയ്യോടെ ക്ഷമ ചോദിക്കുന്നതായും മനോജ് ട്വിറ്ററിൽ കുറിച്ചു. എന്നാൽ റീട്വീറ്റുകളിലും വിമർശനങ്ങൾ തുടർന്നതോടെ അദ്ദേഹം ട്വീറ്റ് പിൻവച്ചു.

രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത 'ആദിപുരുഷ്' മോശം വിഷ്വൽ ഇഫക്റ്റ്സ്, മോശം കഥാപാത്ര നിർമ്മിതി എന്നിവയുടെ പേരിൽ ട്രോൾ ചെയ്യപ്പെട്ടിരുന്നു. കഥാപാത്രങ്ങൾ മോശമായ ഭാഷയിൽ സംസാരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വലിയ വിമർശനങ്ങളും പരാതികളുമാണ് മനോജ് മുൻതാഷിറിനെതിരെ വന്നത്. ജീവന് ഭീഷണി നേരിടുന്നതായി പരാതിപ്പെട്ട സാഹചര്യത്തിൽ മനോജിന് പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. എന്നാൽ തിയേറ്ററുകളിൽ കാഴ്ചക്കാരില്ലാതായതോടെ ജൂലൈ ആദ്യവാരം സിനിമ പിൻവലിച്ചു.

സിനിമ പിൻവലിച്ച ശേഷമുള്ള ക്ഷമാപണത്തെ തള്ളുകയാണ് പ്രേക്ഷകർ ചെയ്തത്. ഒരുപാട് വൈകിപ്പോയെന്നും ഇനി സിനിമയെ രക്ഷിക്കുക സാധ്യമല്ലെന്നുമാണ് റീ ട്വീറ്റുകളിൽ ആളുകൾ പറയുന്നത്. അതേസമയം നിർമ്മാതാക്കളുടെ അതൃപ്തിയാണ് മനോജിന്റെ ഇപ്പോഴത്തെ ക്ഷമാപണത്തിന് പിന്നിലെന്നാണ് ബോളിവുഡിലെ വിലയിരുത്തൽ. ബോളിവുഡിൽ ഈ അടുത്ത കാലത്തെ ഏറ്റവും വലിയ മുതൽമുടക്കിൽ നിർമ്മിച്ച ചിത്രം ഏറ്റവും മോശം കളക്ഷനുമായാണ് തിയേറ്റർ വിട്ടത്.

നിർമ്മാതാക്കളായ ടി സീരീസിന് ആദിപുരുഷ് വഴി 25 കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്കുകൾ. സിനിമയെ തിയേറ്ററുകളിൽ നിലനിർത്താൻ ആദ്യ ആഴ്ചകളിൽ മനോജ് മുൻതാഷിറിനെ അഭിമുഖങ്ങളിൽ പങ്കെടുപ്പിച്ചിരുന്നു. എന്നാൽ വിവാദം കനത്തതോടെ സ്വന്തമായി അഭിമുഖങ്ങൾ നൽകാൻ ആരംഭിച്ച മനോജ് സിനിമയ്ക്കെതിരായി സംസാരിച്ചതാണ് നിർമ്മാതാക്കളുടെ അതൃപ്തിക്ക് കാരണം.

dot image
To advertise here,contact us
dot image