
കെജിഎഫ് ചിത്രങ്ങളുടെ വിജയത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'സലാറി'ന്റെ ടീസർ എത്തി. ഓരോ ഫ്രെയിമിലും മാസ് നിറച്ചാണ് ടീസർ പ്രേക്ഷകരിലേക്കെത്തിയത്. പുതിയ ഫാൻ തിയറികൾക്ക് രൂപം നൽകി പുലർച്ചെ 5:12 ആയിരുന്നു റിലീസ് സമയം.
'കെജിഎഫ് 2'-ലെ അവസാന സീനിൽ റോക്കി ഭായിയുടെ കപ്പൽ മുങ്ങുമ്പോൾ ഫ്രെയ്മിലെ ക്ലോക്കിൽ സമയം 5:12 ആയിരുന്നു. അങ്ങനെയെങ്കിൽ സലാർ, പ്രശാന്ത് നീൽ യൂണിവേഴ്സിന്റെ ഭാഗമാകാനാണ് സാധ്യതയെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ കെജിഎഫിനും സലാറിനും തമ്മിൽ എന്തെങ്കിലും ബന്ധമുള്ളതായി അണിയറക്കാർ ഇതുവരെയും പറഞ്ഞിട്ടില്ല.
പ്രാഭാസിനെയും പൃഥ്വിരാജിനെയും മാസ് ലുക്കിൽ ടീസറിൽ കാണാം. 12 വർഷത്തിന് ശേഷമാണ് പൃഥ്വിരാജ് ഒരു തെലുങ്ക് ചിത്രത്തിന്റെ ഭാഗമാകുന്നത് എന്ന പ്രത്യേകതയുമുണ്ട്. ശ്രുതി ഹാസനാണ് നായിക. 2023 സെപ്റ്റംബർ 28 നാണ് ആഗോള തലത്തിൽ സലാർ റിലീസിനെത്തുന്നത്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ചിത്രത്തിന് റിലീസ് ഉണ്ട്. കേരളത്തിൽ സലാർ വിതരണത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്.