
രാഷ്ട്രീയ പാർട്ടികൾക്കുള്ളിലെ ജാതീയമായ അസമത്വങ്ങൾ 'മാമന്നൻ' തുറന്നുകാട്ടുന്നുണ്ടെന്ന് പാ രഞ്ജിത്ത്. സിനിമയെ അഭിനന്ദിച്ച സംവിധായകൻ, നായക നടൻ ഉദയനിധി സ്റ്റാലിന്റെ രാഷ്ട്രീയ പാർട്ടിയായ ഡിഎംകെയിൽ നിലവിലുള്ള ജാതിപക്ഷപാതത്തെക്കുറിച്ചും പരാമർശിച്ചു.
'സാമൂഹ്യനീതിക്ക് വേണ്ടി നിലകൊള്ളുന്നതായി അവകാശപ്പെടുന്ന രാഷ്ട്രീയ പാർട്ടികളിൽ, ജാതിയുടെ അടിസ്ഥാനത്തിലുള്ള അസമത്വങ്ങൾ എങ്ങനെയാണ് നിലനിൽക്കുന്നതെന്ന് 'മാമന്നൻ' വരച്ചുകാട്ടുന്നു. ഒരു അംഗം മാത്രമുള്ള ജില്ലകളിലെ എംഎൽഎമാർ അവരുടെ ആശങ്കകൾ പ്രകടിപ്പിക്കാൻ മടിക്കുന്നത് എന്തുകൊണ്ടാണെന്നും സിനിമ കൃത്യമായി ചിത്രീകരിച്ചിട്ടുണ്ട്. സാമൂഹ്യനീതിക്ക് വേണ്ടി വാദിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ ഭാഗമായിട്ടും എന്തുകൊണ്ടാണ് അവർ മൗനം പാലിക്കുന്നത്? അവരെ ശരിയായി അംഗീകരിക്കുകയും ശാക്തീകരിക്കുകയും അവരുടെ പ്രാതിനിധ്യം കൃത്യമായി ഉറപ്പിക്കുകയും ചെയ്തിട്ടുണ്ടോ?,' പാ രഞ്ജിത്ത് ചോദിച്ചു.
ഡിഎംകെയുടെ മന്ത്രിയും സിനിമയുടെ നിർമ്മാതാവും നടനുമായ ഉദയനിധി സ്റ്റാലിനെ ഈ വിഷയം തിരഞ്ഞെടുത്തതിന് പാ രഞ്ജിത്ത് അഭിനന്ദിച്ചു. ഡിഎംകെയ്ക്കുള്ളിൽ ഇപ്പോഴും കാര്യമായ വെല്ലുവിളി ഉയർത്തുന്ന വിവേചനങ്ങളെക്കുറിച്ച് ഉദയനിധിക്കുള്ള അവബോധത്തെ അംഗീകരിക്കുന്നുവെന്നും അതില്ലാതാക്കാന് അദ്ദേഹം പ്രവർത്തിക്കുമെന്ന് വിശ്വസിക്കുന്നതായും പാ രഞ്ജിത്ത് പറഞ്ഞു.
`மாமன்னன்' திரைப்படத்தைப் பாராட்டிய இயக்குநர் சகோதரர் பா.இரஞ்சித் அவர்களுக்கு நன்றி. சாதிய அடக்குமுறைகளும் - ஏற்றத்தாழ்வும் கழகம் மட்டுமல்ல, எந்த கட்சிக்குள் இருந்தாலும் அது அறவே ஒழிக்கப்பட வேண்டும்.
— Udhay (@Udhaystalin) July 3, 2023
அனைவருக்குமான சுயமரியாதையை உறுதி செய்ய, தொடர் பரப்புரை செய்து மக்களிடையே… https://t.co/i3FAanRGca
ഇതിനോട് പ്രതികരിച്ച ഉദയനിധി സ്റ്റാലിൻ മാമന്നനെ അഭിനന്ദിച്ചതിൽ നന്ദി അറിയിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളിലും ജാതി അസമത്വങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അതില്ലാതാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ വ്യക്തികൾക്കും ആത്മാഭിമാനം ഉറപ്പാക്കാനുള്ള ഡിഎംകെയുടെ പ്രതിബദ്ധത ഉദയനിധി ഊന്നിപ്പറയുകയും പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്താനുള്ള പാർട്ടിയുടെ ശ്രമങ്ങളെ ഉയർത്തിക്കാട്ടുകയും ചെയ്തു. ഡിഎംകെ സർക്കാർ അധികാരത്തിലിരിക്കുമ്പോൾ, വിവിധ നിയമങ്ങളിലൂടെയും പരിപാടികളിലൂടെയും സാമൂഹ്യനീതി സംരക്ഷിക്കുന്നതായും ഉദയനിധി പറഞ്ഞു.
1952ൽ പുറത്തിറങ്ങിയ 'പരാശക്തി' മുതൽ 2023ലെ 'മാമന്നൻ' വരെ, കലാരൂപങ്ങളിലൂടെ സാമൂഹ്യനീതി പ്രോത്സാഹിപ്പിക്കാനുള്ള ഡിഎംകെയുടെ ദീർഘകാല പ്രതിബദ്ധതയാണെന്നും ഉദയനിധി പറഞ്ഞു. ആയിരം വർഷങ്ങളായി തുടരുന്ന അസമത്വം എന്ന അനാചാരത്തിനെതിരെ ഒരു നൂറ്റാണ്ടിന്റെ പോരാട്ടം പിന്നിട്ടു കഴിഞ്ഞു. എന്നാൽ പൂർണമായ മാറ്റത്തിന് ഈ വിഷയത്തിൽ ജനങ്ങളുമായി തുടർച്ചയായ ഇടപഴകൽ നടത്താതെ കഴിയില്ലെന്ന് ഉദയനിധി സ്റ്റാലിൻ അഭിപ്രായപ്പെട്ടു.