ബൈജൂസിന്റെ തളർച്ചയും വളർച്ചയും ഇനി വെബ് സീരീസ്; സൂചന നൽകി ഹൻസൽ മേഹ്ത

'ബൈജൂസിൻറെ പെട്ടെന്നുള്ള കുതിപ്പും പിന്നീടുണ്ടായ താഴ്ച്ചയും ഒരു സീരീസാക്കാനുള്ള ഉള്ളടക്കമുള്ളതാണ്'

dot image

ക്രൈം സീരീസുകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ഹൻസൽ മേഹ്ത തൻറെ പുതിയ വെബ് സീരീസിന് ഒരുങ്ങുന്നു. ഇന്ത്യയിലെ മുൻനിര എഡ്-ടെക് കമ്പനിയായ ബൈജൂസിൻറെ വളർച്ചയും പ്രതിസന്ധികളുമാണ് പ്രേക്ഷകരിലേക്കെത്തിക്കാൻ പോകുന്നതെന്നാണ് ഹൻസൽ മേഹ്ത പറയുന്നത്. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയായിരുന്നു മേഹ്ത വെബ് സീരീസിനെ കുറിച്ചുള്ള സൂചനകൾ നൽകിയത്.

ബൈജൂസിൻറെ പെട്ടെന്നുള്ള കുതിപ്പും പിന്നീടുണ്ടായ താഴ്ച്ചയും ഒരു സീരീസിനുള്ള ഉള്ളടക്കമാണെന്ന് മെഹ്ത പറഞ്ഞു. 'സ്കാം സീസൺ ഫോർ-ദ ബൈജു സ്കാം' എന്ന പേരിലായിരിക്കും സീരീസെത്തുക. 2021 ഒക്ടോബറിൽ ബൈജൂസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഹൻസൽ മെഹ്ത ട്വിറ്ററിലൂടെ ചർച്ച ചെയ്തിരുന്നു. ഒരിക്കൽ തന്റെ വീട്ടിൽ ബൈജൂസിന്റെ പ്രതിനിധി എത്തുകയും മകളുടെ പഠനാവസ്ഥ മോശമാണെന്ന് തെളിയിക്കാൻ ശ്രമിക്കുകയും ഉൽപ്പന്നങ്ങൾ വിൽക്കാൻ നിർബന്ധിക്കുകയും ചെയ്തതായി ഹൻസൽ മെഹ്ത കുറിച്ചു.

ഈ ട്വീറ്റിന് പിന്തുണയറിയിച്ച് നിരവധി പ്രതികരണങ്ങളെത്തിയിരുന്നു. മാത്രമല്ല, ഇത് സീരീസാക്കാനുള്ള സാധ്യതകളെ കുറിച്ച് ഒരാൾ ട്വീറ്റ് ചെയ്തു. നടൻ പരേഷ് റാവലും ഹൻസലിന് പിന്തുണയറിയിച്ചെത്തിയിരുന്നു. 'സ്കാം 1992' എന്ന ഫിനാൻഷ്യൽ ക്രൈം സീരീസിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഹൻസൽ മെഹ്ത. അടുത്തിടെ നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ 'സ്കൂപ്പ്' എന്ന സീരീസും ഹിറ്റായിരുന്നു. സീരീസിനെ കുറിച്ചുള്ള മറ്റു വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

dot image
To advertise here,contact us
dot image