
അല്ലു അർജുൻ നായകനായ 'പുഷ്പ: ദ റൈസ്' എന്ന സിനിമ ഹിറ്റാകുന്നതിനു മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായത് ചിത്രത്തിലെ ഗാനങ്ങളായിരുന്നു. പ്രേക്ഷകർ ഏറ്റെടുത്ത പാട്ടുകൾ ട്രെൻഡായതുപോലെ 'പുഷ്പ: ദ റൂളും' ഫെസ്റ്റീവ് മൂഡ് പ്രേക്ഷകർക്കായി സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ഇപ്പോൾ ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ റൺവീർ സിംഗും എത്തുമെന്നാണ് തെലുങ്ക് സിനിമ ലോകത്തു നിന്നെത്തുന്ന റിപ്പോർട്ട്.
സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കാമിയോ വേഷത്തിലാണ് രണ്വീര് എത്തുക. ഹൈദരാബാദിലെ ഒരു റിസോര്ട്ടില് രണ്വീറുമൊത്തുള്ള നൃത്ത ഗാനത്തിന്റെ ചിത്രീകരണം നടന്നതായും റിപ്പോർട്ടുണ്ട്. പുഷ്പയിലെ സമന്തയുടെ ''ഉ അണ്ട വാ'' എന്ന നൃത്ത ഗാനത്തിന് സമാനമായ ഗാനം പുഷ്പ 2-ലും ഉണ്ടാകുമെന്ന വാർത്ത നേരത്തെ വന്നിരുന്നു. സമാന്തയ്ക്ക് പകരം ബോളിവുഡ് താരം ദിഷ പഠാനിയാണ് എത്തുക. ഇതുകൂടാതെയാണ് റൺവീറിന്റെ നൃത്ത ഗാനവും.
ഫഹദ് ഫാസില്, രശ്മിക മന്ദാന എന്നിവരാണ് പുഷ്പ 2-ലെ പ്രധാന കഥാപാത്രങ്ങൾ. ഒന്നാം ഭാഗം പ്രേക്ഷകർ ഏറ്റെടുത്തതുപോലെ രണ്ടാം ഭാഗവും ബ്ലോക്ക് ബസ്റ്റർ ചാർട്ടിൽ ഇടം നേടാനാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. രണ്ടാം ഭാഗം റിലീസ് ആയതിന് ശേഷം 2025ല് സിനിമയുടെ മൂന്നാം ഭാഗം ഇറക്കാനും പദ്ധതിയിടുന്നുണ്ട്.