തൃശൂരിൽ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർ ആശുപത്രിയിൽ; ഭക്ഷ്യവിഷബാധ

ഹോട്ടലിൽ നിന്ന് നേരിട്ട് ഭക്ഷണം കഴിച്ചവർക്കും പാഴ്സൽ വാങ്ങിക്കൊണ്ടുപോയി കഴിച്ചവർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായി

dot image

തൃശൂർ: പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. 27 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. വയറിളക്കവും ചർദ്ദിയും അനുഭവപ്പെട്ടവരാണ് ആശുപത്രികളിൽ ചികിത്സ തേടിയത്. ഹോട്ടലിൽ നിന്ന് നേരിട്ട് ഭക്ഷണം കഴിച്ചവർക്കും പാർസൽ വാങ്ങിക്കൊണ്ടുപോയി കഴിച്ചവർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായി.

പെരിഞ്ഞനത്തെ സെയിൻ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെയാണ് സംഭവം നടന്നത്. ഇരിങ്ങാലക്കുടയിലെയും കൊടുങ്ങല്ലൂരിലെയും ആശുപത്രികളിൽ ആളുകൾ ചികിത്സ തേടുകയായിരുന്നു. കയ്പമംഗലം സ്വദേശികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ആരോഗ്യവകുപ്പും ഫുഡ് ആൻഡ് സേഫ്റ്റി അധികൃതരും പൊലീസും ചേർന്ന് ഹോട്ടലിൽ പരിശോധന നടത്തി. പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും പരിശോധനയ്ക്ക് നേതൃത്വം നൽകി.

പരാതി ലഭിച്ചതിനെ തുടർന്നാണ് ഇന്ന് പരിശോധന നടത്തിയത്. എന്നാൽ ഇന്ന് നടത്തിയ പരിശോധനയിൽ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. പരിശോധന നടത്തിയ സംഘം സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാ ഫലം പുറത്തുവന്നാൽ മാത്രമേ ഭഷ്യവിഷബാധയാണോ എന്ന് ഉറപ്പിക്കാനാകൂ.

dot image
To advertise here,contact us
dot image