
തൃശ്ശൂർ: ചാവക്കാട് പാലയൂരിൽ ഭൂതക്കളത്തിൽ കുചേല വേഷം കെട്ടുന്നതിനിടെ കലാകാരനും സാമൂഹ്യ പ്രവർത്തകനുമായ വടക്കുംഞ്ചേരി വി കെ ശേഖരൻ (96) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ പാലയൂർ വടക്കുംഞ്ചേരി കുടുംബ ക്ഷേത്രത്തിൽ കളഭാട്ടമായിരുന്നു. പത്തരയോടെയാണ് കുചേല വേഷം കെട്ടി ശേഖരൻ അരങ്ങത്തെത്തിയത്. ഓലക്കുടയും സഞ്ചിയുമായി താളം പിടിച്ച് നടന്നു വരുന്നതിനിടെ അവശനായി കസേരയിൽ ഇരുന്നു.
ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീലങ്കയിലും മുംബെയിലും ദുബായിലുമായി ദീർഘകാലം പ്രവാസിയായിരുന്നു. ദുബായ് ദല എന്ന സംഘടനയുടെ വൈസ്പ്രസിഡണ്ടായിരുന്നു അദ്ദേഹം.