
കോഴിക്കോട്: രാത്രി കാലങ്ങളിൽ നിർത്തിയിട്ട വാഹനങ്ങളിൽ നിന്നും ബാറ്ററി മോഷ്ടിക്കുന്ന സംഘം സജീവമാകുന്നതായി പരാതി. കോഴിക്കോട് നഗരം, കോട്ടുളി തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് മോഷണം വ്യാപകമാകുന്നത്. വഴിയരികിൽ നിർത്തിയിടുന്ന ബസുകൾ, ഓട്ടോറിക്ഷകൾ തുടങ്ങിയ വാഹനങ്ങളിലാണ് മോഷണം വ്യാപകമായത്.
കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം കോട്ടുളിയിൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി വാഹങ്ങളുടെ ബാറ്ററികൾ മോഷണം പോയി. മെഡിക്കൽ കോളേജ് മലാപറമ്പ് റൂട്ടിലോടുന്ന സാൻവി ബസിന്റെ ബാറ്ററി ഇന്ന് പുലർച്ചെയാണ് മോഷണം പോയത്. പൂട്ടി വെച്ചിരുന്ന പെട്ടി കുത്തിത്തുറന്ന് രണ്ട് ബാറ്ററികളിൽ ഒന്ന് കൊണ്ടുപോയി. ഇരുപതിനായിരം രൂപയോളം വരുന്ന ബാറ്ററി നഷ്ടപ്പെട്ടതോടെ രണ്ട് ദിവസമെങ്കിലും സർവീസ് നിർത്തിവെക്കേണ്ട അവസ്ഥയിലാണെന്ന് ബസുടമ പറയുന്നു.