
/district-news/kasaragod/2024/03/23/police-surrounded-the-complainants-house-thinking-that-he-was-the-accused
കാസർകോട്: അടിപിടിക്കേസിലെ പ്രതിയുടെ വീടാണെന്ന് കരുതി പരാതിക്കാരന്റെ വീട് വളഞ്ഞ് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മൊബൈൽ നമ്പർ മാറിപ്പോയതാണ് പരാതിക്കാരന്റെ വീട് വളയാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം. ബേത്തൂർപാറ സ്കൂൾ പരിസരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തുന്നുവെന്ന് സംശയിച്ച് ചിലരെ ചോദ്യം ചെയ്തതിന് ബേത്തൂർപാറ സ്വദേശി കെ സച്ചിനെ ഒരുകൂട്ടം ആളുകൾ മർദ്ദിച്ചിരുന്നു. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ സച്ചിൻ പ്രതികൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.
ഫെബ്രുവരി 27-ന് നടന്ന സംഭവത്തിൽ എട്ടുപേരെ പ്രതി ചേർത്തിരുന്നെങ്കിലും രണ്ടുപേരെ മാത്രമാണ് പൊലീസിന് പിടിക്കാനായത്. സംഭവത്തിൽ പ്രദേശത്തെ സംഘടനകളും രാഷ്ട്രീയ പാർട്ടിയും രംഗത്തുവന്നതോടെ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. അന്വേഷണത്തിൽ പ്രധാന പ്രതികൾ ബേത്തൂർപാറ, പരപ്പ ഭാഗങ്ങളിലുണ്ടെന്നും ഉടൻ പിടിക്കാനാകുമെന്നുമാണ് പൊലീസ് നൽകിയ വിവരം.
പ്രതിയുടേതെന്ന് കരുതി പരാതിക്കാരന്റെ ഫോൺ നമ്പറിന്റെ ലൊക്കേഷൻ തിരഞ്ഞാണ് പൊലീസ് സച്ചിന്റെ വീട്ടിൽ എത്തുന്നത്. സച്ചിന്റെ അച്ഛനോട് മകനെ പുറത്തിറക്കണമെന്ന് പറഞ്ഞ പൊലീസിന് പരാതിക്കാരനെ കണ്ടതോടു കൂടിയാണ് അബദ്ധം മനസ്സിലായത്. വീടിന് ചുറ്റിലും അഞ്ച് പൊലീസുകാരുണ്ടായിരുന്നതായി സച്ചിൻ പറഞ്ഞു. അബദ്ധം സംഭവിച്ചുവെന്ന് മനസ്സിലായതൊടെ അന്വേഷണത്തിന്റെ ഭാഗമായി കയറിയതാണെന്ന് പറഞ്ഞ് എസ്ഐയും സംഘവും മടങ്ങുകയായിരുന്നു.