
ഷിംല: ബിജെപി സ്ഥാനാര്ത്ഥിയും നടിയുമായ കങ്കണാ റണാവത്തിനെതിരെ കരിങ്കൊടി പ്രതിഷേധം. ലാഹോളിലും സ്പിതി ജില്ലയുടെ ചെറുപട്ടണമായ കാസയിലുമാണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. പിന്നില് കോണ്ഗ്രസും ഒരു വിഭാഗം പ്രദേശവാസികളും ആണെന്ന് ബിജെപി ആരോപിച്ചു. സ്ഥാനാര്ത്ഥിയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായെന്നും ബിജെപി ആരോപിച്ചു.
'കങ്കണ മടങ്ങി പോകൂ, ഞങ്ങള്ക്ക് വേണ്ടി നിങ്ങള് പ്രവര്ത്തിക്കേണ്ടതില്ല' എന്നീ മുദ്രാവാക്യങ്ങളും കോണ്ഗ്രസ് പ്രവര്ത്തകര് ഉയര്ത്തി. ടിബറ്റന് ആത്മീയാചാര്യന് ദലൈലാമക്കെതിരെ കങ്കണ നടത്തിയ പരാമര്ശം നേരത്തെ വിവാദമായിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം ഉയര്ന്നത്. ദലൈലാമയ്ക്ക് വൈറ്റ്ഹൗസില് മികച്ച സ്വീകരണമാണ് ലഭിച്ചത് എന്ന ക്യാപ്ഷനോടെ കങ്കണ തന്റെ എക്സ് അക്കൌണ്ടില് ഫോട്ടോഷോപ്പ് ചെയ്ത ചിത്രം പങ്കുവെച്ചിരുന്നു. ദലൈലാമ തന്റെ നാക്ക് പുറത്തിട്ടു കൊണ്ട് ജോ ബൈഡനൊപ്പം നില്ക്കുന്നതായിരുന്നു ചിത്രം. രണ്ടുപേര്ക്കും ഒരേ അസുഖമാണ്. തീര്ച്ചയായും അവര് സുഹൃത്തുക്കളായിരിക്കും എന്നും കങ്കണ എഴുതിയിരുന്നു.
പരാമര്ശവും ചിത്രവും വിവാദമായതോടെ ഒരു സംഘം ബുദ്ധിസ്റ്റുകള് കങ്കണയുടെ മുംബൈയിലെ ഓഫീസിന് മുന്നില് ധര്ണ്ണ സംഘടിപ്പിച്ചിരുന്നു. പിന്നാലെ കങ്കണ മാപ്പ് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തു. ആരെയും വിഷമിപ്പിക്കാന് വേണ്ടിയല്ല തന്റെ പോസ്റ്റെന്നും ഇരുവരുടെയും സൗഹൃദത്തെ സൂചിപ്പിക്കുന്ന അപകടകരമല്ലാത്ത ഒരു തമാശ എന്ന നിലയ്ക്ക് മാത്രമാണ് പോസ്റ്റ് പങ്കുവെച്ചതെന്നും കങ്കണ ന്യായീകരിച്ചിരുന്നു.
കങ്കണയുടെ തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില് ഒരിടത്ത് നിന്നുപോലും ഇത്തരം മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും കോണ്ഗ്രസ് സമ്മര്ദത്തിലായതിനാലാണ് ഇത്തരം പ്രവര്ത്തികളില് ഏര്പ്പെടുന്നതെന്നും ബിജെപി പ്രതികരിച്ചു.