
പിറന്നാള് ദിവാസം പുത്തനുടുപ്പിട്ട് ഒരുങ്ങി വാതിലിന് പുറത്തേക്ക് വരുമ്പോള് ദേ നില്ക്കുന്നു മമ്മൂട്ടി അങ്കിള്. ഓടി പോയി കൂടെ നിന്ന് ഫോട്ടോ എടുത്തു, തിരിഞ്ഞു നോക്കിയപ്പോള് മമ്മൂട്ടിയുടെ കയ്യില് ഒരു സമ്മാനപ്പോതി. തന്റെ ജന്മദിനമാണെന്ന് അറിഞ്ഞ മമ്മൂട്ടി കുട്ടി ആരാധകന് സമ്മാനം നല്കുന്ന വീഡിയോയാണ് സോഷ്യല് മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രത്തിന്റെ പൂജ ദിവസം മുതൽ ലൊക്കേഷനിലെ സ്ഥിര സന്ദർശകൻ ആണ് മഹാദേവ്. ചിത്രീകരണം നടക്കുന്ന ഫ്ലാറ്റിന് തൊട്ടടുത്തു താമസിക്കുന്ന മഹദേവിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാളിന് മഹാദേവിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു മമ്മൂട്ടി കുട്ടിയെ കാണാന് തന്റെ ഫ്ലാറ്റിലേക്ക് വന്നത്.
മമ്മൂട്ടിയുടെ സർപ്രൈസ് സമ്മാനവും വാങ്ങി ആഹ്ലാദത്തില് ഓടി വീട്ടിലേക്ക് പോകുന്ന മഹാദേവിന്റെ വീഡിയോ സന്തോഷം നല്കുന്നതാണ്. മമ്മൂക്ക ഒരിക്കലും തന്റെ ആരാധകരെ നിരാശരാക്കില്ല എന്നാണ് വീഡിയോയ്ക്ക് വരുന്ന പ്രതികരണങ്ങള്. ജൂലൈ 10നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
വൈശാഖ് ഒരുക്കിയ ടർബോ എന്ന ചിത്രത്തിന്റെ സൂപ്പർ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം വലിയ താരനിരയാണ് അണിനിരക്കുന്നത്. തെന്നിന്ത്യന് സൂപ്പര്താരം നയന്താരയായിരിക്കും ഈ ചിത്രത്തില് മമ്മൂട്ടിയുടെ നായികയെന്നാണ് റിപ്പോര്ട്ട്. അതേസമയം മമ്മൂട്ടി നായകനാവുന്ന ബസൂക്കയില് ഗൗതം മേനോന് ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോമഡിക്കും പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലർ ആയാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന.
ചരിത്രത്തിൽ ഇതാദ്യം; സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി മത്സരിക്കാനൊരുങ്ങുന്നത് 160 സിനിമകൾ