
ഏതാനും നാളുകൾക്ക് മുൻപാണ് ഹിന്ദി ടെലിവിഷൻ താരം ഹിനാ ഖാൻ തനിക്ക് അർബുദമാണെന്ന് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. സ്തനാർബുദം സ്ഥിരീകരിച്ച ദിവസം തന്നെ താൻ പുരസ്കാര പരിപാടിയിൽ പോയ വിവരവും മുടി മുറിച്ചതിനെ കുറിച്ചും വിശദമായി പങ്കുവെച്ചിരുന്നു. പുതിയ പോസ്റ്റിൽ അമ്മയെ കുറിച്ചാണ് സംസാരിച്ചിരിക്കുന്നത്.
അർബുദം സ്ഥിരീകരിച്ച വിവരം അമ്മയോട് സംസാരിച്ചതിനെ കുറിച്ചും അമ്മ അനുഭവിച്ച ഞെട്ടൽ വാക്കുകൾകൊണ്ട് വിവരിക്കാനാവില്ലെന്നും എന്നാൽ തന്നെ ചേർത്തുപിടിച്ച് ആ വേദനയെ മറക്കാനുള്ള വഴി അവർ കണ്ടെത്തിയെന്നും ഹിന പോസ്റ്റിൽ കുറിയ്ക്കുന്നു. രോഗാവസ്ഥയെ കുറിച്ച് അമ്മയോട് സംസാരിച്ച ശേഷമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം കുറിപ്പ് എഴുതിയിരിക്കുന്നത്.
ഈ ദിവസമാണ് തന്റെ രോഗസ്ഥിരീകരണത്തേക്കുറിച്ച് അമ്മ തിരിച്ചറിഞ്ഞത്. അമ്മയുടെ മുന്നിൽ ലോകം തകരുകയായിരുന്നിട്ടും അവർ കൈകളിലൂടെ ചേർത്തുപിടിച്ച് എനിക്ക് അഭയവും കരുത്തും നൽകാനുള്ള വഴി കണ്ടെത്തി നൽകി. അമ്മമാർക്കുള്ള സൂപ്പർ പവർ ആണ് അത്, താരം കുറിച്ചു.
മുൻപ് പുരസ്കാര നിശയിൽ നിന്ന് നേരെ കീമോതെറാപ്പിക്കു വേണ്ടി ആശുപത്രിയിലേക്ക് പോയതിനേക്കുറിച്ച് ഹിന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. കാൻസർ സ്ഥിരീകരിച്ചതിനെ കുറിച്ച് അറിഞ്ഞതിനു ശേഷമുള്ള പുരസ്കാരരാത്രിയാണ് ഇതെന്നും എന്നാൽ അതിനെ മനപ്പൂർവം സാധാരണവത്കരിക്കാനാണ് തീരുമാനിച്ചതെന്നുമാണ് ഹിന കുറിച്ചത്. പോസിറ്റീവായി നേരിടാനും ഈ അനുഭവത്തെ സാധാരണവൽക്കരിക്കാനുമാണ് തീരുമാനിച്ചതെന്നും തന്നെ സംബന്ധിച്ചിടത്തോളം ജോലിയോടുള്ള പ്രതിബദ്ധതയും കലയും അഭിനിവേശവും പ്രചോദനവുമൊക്കെ പ്രധാനമാണെന്നുമാണ് നടി പറഞ്ഞത്.