
ബോളിവുഡിന്റെ സൂപ്പർ സ്റ്റാറുകളിൽ ഒരാളാണ് രൺവീർ സിംഗ്. ആരാധകർ ഏറെയുള്ള താരം യഷ് രാജ് ഫിലിംസ് നിർമിച്ച് 2010-ൽ പുറത്തിറങ്ങിയ 'ബാന്‍ഡ് ബാജാ ബരാത്' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരിയിൽ അരങ്ങേറിയത്. ഇപ്പോഴിതാ രൺവീറിന്റെ ആദ്യ ഓഡീഷന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ദാദാസാഹിബ് ഫാൽക്കേ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. 6 മില്യണിൽ കൂടുതൽ ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോയുടെ കമന്റ് ബോക്സ് ഓഫ് ചെയ്തിട്ടുണ്ട്. രൺവീർ സിംഗിന്റെ മുംബൈയിൽ നടന്ന ആദ്യ ഓഡിഷൻ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചത്. മുഷ്ടി ചുരുട്ടി കൈ ഇരുഭാഗത്തേക്കും വിടർത്തിയാണ് രൺവീർ നൃത്തം ചെയ്യുന്നത്. ഇതേ ചുവട് തന്നെ പലതവണ അദ്ദേഹം ആവർത്തിക്കുന്നതും അത്കണ്ട് ഓഡിഷനിൽ ഒപ്പമുണ്ടായിരുന്നവർ പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.
'പ്രൊമോഷൻ പരിപാടികൾ സിനിമ വിജയിക്കാൻ ഒരു പരിധി വരെ കാരണമാകുന്നുണ്ട്'; വിജയ് സേതുപതി
കരൺ ജോഹർ സംവിധാനത്തിൽ 'റോക്കി ഓർ റാണി കി പ്രേം കഹാനി'യാണ് രൺവീർ നായകനായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആലിയാ ഭട്ട് ആയിരുന്നു നായിക. രോഹിത് ഷെട്ടി സംവിധാനംചെയ്യുന്ന 'സിങ്കം എഗെയ്ൻ' ആണ് താരത്തിന്റേതായി ഉടൻ റിലീസിനൊരുങ്ങുന്ന ചിത്രങ്ങളിലൊന്ന്. അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ്, അർജുൻ കപൂർ, കരീന കപൂർ, ദീപിക പദുക്കോൺ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഫർഹാൻ അക്തർ സംവിധാനംചെയ്യുന്ന 'ഡോൺ 3 ' യിലും രൺവീർ ആണ് നായകൻ. പങ്കാളിയായ ബോളിവുഡ് നടി ദീപിക പദുകോണും രൺവീറും തങ്ങളുടെ ആദ്യ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലുമാണ്.