
സൗദി വെള്ളക്കയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തെ കുറിച്ച് കഴിഞ്ഞ ദിവസമാണ് തരുൺ മൂര്‍ത്തി ഔദ്യോഗികമായി അറിയിച്ചത്. മോഹൻലാലിന്റെ 360-ാം ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണും കെ ആർ സുനിലും ചേർന്നാണ്. സിനിമയുടെ ഭാഗമാകാൻ കഴിയുന്നതിലുള്ള സന്തോഷം അറിയിക്കുകയാണ് ഇപ്പോൾ മോഹൻലാൽ. തന്റെ ഫേസ്ബുക്കിലൂടെ സിനിമയെ കുറിച്ചും ചിത്രീകരണം ഏപ്രിലിൽ ആരംഭിക്കുമെന്നും നടൻ കുറിച്ചു.
എൻ്റെ 360-ാം ചിത്രം തരുൺ മൂർത്തിക്കും എം രഞ്ജിത്തിനുമൊപ്പം പ്രവർത്തിക്കാനായി കാത്തിരിക്കുകയാണ്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ തിരക്കഥ അദ്ദേഹവും കെ ആർ സുനിലും ചേർന്നാണ് നിര്‍വഹിക്കുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് പ്രൊജക്ട് നിർമ്മിക്കുന്നത്. ഈ ഏപ്രിലിൽ ഷൂട്ടിംഗ് ആരംഭിക്കുമ്പോൾ നിങ്ങളുടെ പ്രാർത്ഥനകളെയും ആശംസകളെയും ഒപ്പമുണ്ടാകണം.
ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് തരുൺ മൂർത്തി. 'എൽ' ലോഡിങ് എന്ന കുറിപ്പോടെയാണ് പുതിയ സിനിമയുടെ പോസ്റ്റർ തരുൺ മൂർത്തി സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പോസ്റ്റ് പങ്കുവെച്ചത്. 'L 360' എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് നിർമ്മിക്കുന്നത്.