
/entertainment-new/news/2024/03/02/director-lijo-jose-pellissery-shared-edited-oru-bharatha-sarkara-uthpannam-movie-poster
'ഒരു ഭാരത സർക്കാർ ഉത്പന്നം' എന്ന സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി സെൻട്രൽ ബോർഡ് ഉത്തരവിറക്കിയതിന് പിന്നാലെ പോസ്റ്ററിലെ ഭാരത എന്ന വാക്ക് ഒഴിവാക്കിയ പോസ്റ്റർ പങ്കുവെച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ഭാരതം എന്നത് മാറ്റി സർക്കാർ ഉത്പന്നം എന്നാക്കിയില്ലെങ്കിൽ പ്രദർശനാനുമതി നൽകിയുള്ള സർട്ടിഫിക്കറ്റ് അനുവദിക്കില്ലെന്നായിരുന്നു സെൻസർ ബോർഡിന്റെ നിലപാട്. ഇതോടെയാണ് പേരിൽ മാറ്റം വരുത്തിയിരിക്കുന്നത്.
ചിത്രത്തിന് യു സർട്ടിഫിക്കറ്റ് ലഭിച്ചെന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞത്. ഭാരതം എന്ന പേര് മാറ്റാൻ പറഞ്ഞതിന്റെ കാരണം വ്യകതമായിട്ടില്ലെന്നും അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. പോസ്റ്ററുകളും ബാനറുകളും അടക്കം മാറ്റുന്നതിലൂടെ കോടികളുടെ നഷ്ടം ഉണ്ടാകുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. തിയേറ്ററുകളിൽ നിന്ന് ചിത്രത്തിന്റെ ട്രെയ്ലർ പിൻവലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
മലയാള സിനിമയിൽ ആദ്യമായി പുരുഷവന്ധ്യംകരണം പ്രമേയമാകുന്ന കോമഡി ഡ്രാമ ചിത്രമാണ് 'ഒരു ഭാരത സർക്കാർ ഉത്പന്നം'. സുഭീഷ് സുബി, ഷെല്ലി, ഗൗരി ജി കിഷൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.വി രഞ്ജിത്താണ് സംവിധാനം. ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ അജു വർഗീസ്, ജാഫർ ഇടുക്കി, വിനീത് വാസുദേവൻ, ദർശന നായർ, ജോയ് മാത്യു, ലാൽ ജോസ്, വിജയ് ബാബു, ഹരീഷ് കണാരൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.