
/entertainment-new/news/2024/02/28/manjummel-boys-movie-team-meet-up-with-udhayanidhi-stalin
'മഞ്ഞുമ്മൽ ബോയ്സു'മായി കൂടിക്കാഴ്ച്ച നടത്തി നടനും നിർമ്മാതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. മഞ്ഞുമ്മൽ ബോയ്സ് കണ്ട ഉദയനിധി ടീമിനെ പ്രശംസിക്കുകയും സിനിമ കാണണമെന്ന് പ്രേക്ഷകരോട് സോഷ്യൽ മീഡിയയിലൂടെ പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ടീം ചെന്നൈയിലെത്തി ഉദയനിധിയെ കണ്ടത്. സംവിധായകൻ ചിദംബരമാണ് ചിത്രങ്ങൾ പങ്കുവെച്ചത്.
'പിന്തുണയ്ക്ക് ഉദയനിധി സ്റ്റാലിന് നന്ദി, തമിഴ് മക്കളുടെ ഊഷ്മളമായ സ്വീകരണത്തിൽ ശരിക്കും സന്തുഷ്ടരാണ്' എന്നാണ് ചിദംബരം പോസ്റ്റിൽ കുറിച്ചത്. കമൽഹാസനെ കണ്ട സന്തോഷവും സംവിധായകൻ പങ്കുവെച്ചിരുന്നു. 'ഞങ്ങളുടെ മഞ്ഞുമ്മൽ ബോയ്സിന് ക്ലൈമാക്സ്, കമൽഹാസനോട് എന്നും നന്ദിയോടെ,' എന്ന കുറിപ്പോടെയാണ് ചിദംബരം ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.
കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും തരംഗം തീർക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. ആഗോളതലത്തിൽ 30 കോടിക്ക് മുകളിലാണ് സിനിമയുടെ കളക്ഷൻ. ഞായറാഴ്ച കേരളത്തിൽ 71.02% ശതമാനം ഒക്യുപൻസി ചിത്രത്തിന് ഉണ്ടായിരുന്നു. ചിദംബരം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിർവഹിച്ചത്. കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.