
May 16, 2025
04:44 PM
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'വർഷങ്ങൾക്ക് ശേഷ'ത്തിന്റെ വാലെന്റൈൻസ് സ്പെഷ്യൽ പോസ്റ്റർ പുറത്തിറക്കി അണിയറപ്രവർത്തകർ. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഒരുമിച്ചുള്ള പോസ്റ്ററാണ് വിനീത് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
പോസ്റ്റർ പുറത്തിറങ്ങിയതോടെ സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ ഇതാണ് ചർച്ച. 'ദേ പഴയ ലാലേട്ടൻ', 'വിന്റേജ് ഏട്ടൻ', 'പ്രണവ് വേറെ ലെവൽ', 'ദേവദൂതനിലെ ലാലേട്ടൻ അല്ലേ ആ ഇരിക്കുന്നത്', എന്നിങ്ങനെ കമെന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ ആയിരുന്നു ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം രണ്ട് കാലഘട്ടത്തെ കഥയാണ് പറയുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. ടീസറിലെ ചില സീനുകളിൽ പഴയ മോഹൻലാലിനെ കണ്ടു എന്നൊക്കെയാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. മോഹൻലാലിന്റേയും ശ്രീനിവാസന്റെയും മദ്രാസിലെ ജീവിതവും കഥയുമാണ് ചിത്രത്തിലേത് എന്നും റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ നിവിൻ പോളിയുടെ കാമിയോ റോളും ടീസറിൽ കാണിക്കുന്നുണ്ട്.
കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ ഗീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങി ഒട്ടനവധി താരനിയും ചിത്രത്തില് അണിനിരക്കുന്നുണ്ട്. മേരിലാന്റ് സിനിമാസിന്റെ ബാനറില് വൈശാഖ് സുബ്രഹ്മണ്യം ആണ് വര്ഷങ്ങള്ക്കു ശേഷം നിര്മ്മിക്കുന്നത്. ബോംബൈ ജയശ്രീയുടെ മകന് അമൃത് രാംനാഥ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഏപ്രിൽ 11ന് ചിത്രം തിയേറ്ററുകളിലെത്തും.