
ട്രെയ്ലർ റിലീസിന് ശേഷം പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മഞ്ഞുമ്മൽ ബോയ്സിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 22ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനം. സോഷ്യൽ മീഡിയയിൽ ഒരു പുതിയ പോസ്റ്റർ പങ്കുവെച്ചാണ് അണിയറപ്രവർത്തകർ ഇക്കാര്യം അറിയിച്ചത്.
'ജാന് എ മന്നി'ന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മഞ്ഞുമ്മൽ ബോയ്സ്'. ചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും. കൊച്ചിയിൽ നിന്നും ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് ആഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്. ഒരുപാട് തയാറെടുപ്പുകൾക്ക് ശേഷമാണ് ചിദംബരവും സംഘവും ചിത്രത്തിന്റെ ഷൂട്ടിംങിലേക്ക് കടന്നത്.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി ഷൈജു ഖാലിദാണ്. എഡിറ്റർ - വിവേക് ഹർഷൻ, മ്യൂസിക്ക് & ബി ജി എം - സുഷിൻ ശ്യാം.