
ബജറ്റ് സെഗ്മെന്റില് പുതിയ സ്മാര്ട്ട്ഫോണ് അവതരിപ്പിക്കാന് ഒരുങ്ങി വിവോ. ടി ത്രീ സീരീസില് വിവോ ടിത്രീ ലൈറ്റ് ഫൈവ് ജി ജൂണ് 27ന് ഇന്ത്യന് വിപണിയില് അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. കുറഞ്ഞ വിലയില് വിപണിയില് എത്തിക്കാന് ലക്ഷ്യമിട്ട് പുറത്തിറക്കുന്ന ഫോണിന് 12000 രൂപയില് താഴെയായിരിക്കും വില എന്നാണ് റിപ്പോര്ട്ടുകള്. മീഡിയാടെക് ഡൈമെന്സിറ്റി 6300 ചിപ്സെറ്റാണ് ഫോണിന് കരുത്ത് പകരുക.
ഡ്യുവല് സോണി എഐ കാമറയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. സെക്കന്ഡറി ഷൂട്ടറിനൊപ്പം 50 എംപി എഐ ഷൂട്ടറാണ് ഫോണിനെ വ്യത്യസ്തമാക്കുന്നത്. ഫോണിന്റെ ടീസര് ഇമേജ് കമ്പനി പുറത്തുവിട്ടുണ്ട്. ഇതനുസരിച്ച് ഫ്ലാറ്റ് സ്ക്രീനില് ഫ്ലാറ്റ് റിയര് പാനലോടെയാണ് ഫോണ് വരിക. ചതുരാകൃതിയിലുള്ള മൊഡ്യൂളിനുള്ളില് ഡ്യുവല് റിയര് ക്യാമറ സജ്ജീകരണത്തോടെയായിരിക്കും ഫോണ് അവതരിപ്പിക്കുക എന്നും റിപ്പോര്ട്ടില് വ്യക്തമാക്കുന്നു.
50എംപി പ്രധാന കാമറയും 2എംപി ഡെപ്ത് സെന്സറും ഈ സ്മാര്ട്ട്ഫോണില് ഉണ്ടാകുമെന്നാണ് സൂചന. ഫോണുമായി ബന്ധപ്പെട്ട കൂടുതല് വിവരങ്ങള് കമ്പനി പുറത്തുവിട്ടിട്ടില്ല. 120Hz വരെ റിഫ്രഷ് റേറ്റുള്ള ഒരു എല്സിഡി ഡിസ്പ്ലേയായിരിക്കും ഫോണിന്റെ മറ്റൊരു ഫീച്ചര്.