
രാജ്യത്തെ നടുക്കിക്കൊണ്ട് വീണ്ടുമൊരു ട്രെയിൻ ദുരന്തം ഉണ്ടായിരിക്കുകയാണ്. പശ്ചിമബംഗാളിൽ കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിനിൽ ഗുഡ്സ് ട്രെയിനിടിച്ചുണ്ടായ അപകടത്തില് നിരവധിപ്പേർക്കാണ് ജീവൻ നഷ്ടമായത്. ഇത്രയേറെ സംവിധാനങ്ങളുണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങൾ തടയാനാകാത്തതെന്ന വിമർശനം പലഭാഗത്തുനിന്നും ഉയരുന്നുണ്ട്. ഒരേ ലൈനിൽ രണ്ട് ട്രെയിനുകൾ സഞ്ചരിക്കുകയാണെങ്കിൽ അപകടങ്ങൾ തടയാൻ സഹായിക്കുന്ന സംവിധാനമായ 'കവച്' ഡാർജിലിംഗിലെ അപകടമുണ്ടായ ട്രാക്കിൽ ലഭ്യമല്ലെന്നും ആരോപണമുണ്ട്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കവച് സംവിധാനത്തെക്കുറിച്ച് വിശദീകരിക്കുന്ന പഴയ വീഡിയോ ഇപ്പോൾ വൈറലാകുന്നുമുണ്ട്.
എന്താണ് കവച് സംവിധാനം? നോക്കാം..
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സംവിധാനമാണ് കവച്. റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷനാണ് കവച് വികസിപ്പിച്ചത്. ഇതിന് ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നൽകാനും അമിത വേഗത ഒഴിവാക്കാനും മൂടൽമഞ്ഞ് പോലുള്ള പ്രതികൂല കാലാവസ്ഥകളിൽ ട്രെയിനുകൾ പ്രവർത്തിപ്പിക്കുന്നത് സഹായിക്കാനും ഒരു നിശ്ചിത ദൂരത്തിനുള്ളിൽ അതേ ട്രാക്കിൽ മറ്റൊരു ട്രെയിൻ ഉണ്ടെങ്കിൽ ട്രെയിൻ യാന്ത്രികമായി നിർത്താനും കഴിയും. ട്രെയിൻ പ്രവർത്തനങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും ഗണ്യമായി മെച്ചപ്പെടുത്തുകയാണ് കവചിന്റെ ലക്ഷ്യം.
എങ്ങനെയാണിത് പ്രവർത്തിക്കുന്നത്?
ലോക്കോപൈലറ്റ് കൃത്യസമയത്ത് ബ്രേക്ക് ചവിട്ടിയില്ലെങ്കിൽ ഓട്ടോമാറ്റിക്കായി ബ്രേക്കിട്ടാണ് കവച് ട്രെയിനിൻ്റെ വേഗത നിയന്ത്രിക്കുന്നത്. ട്രാക്കുകൾ തിരിച്ചറിയുന്നതിനും ട്രെയിനും അതിൻ്റെ ദിശയും കണ്ടെത്തുന്നതിനുള്ള സിഗ്നലുകൾക്കുമായി ട്രാക്കുകളിലും സ്റ്റേഷൻ യാർഡിലും റേഡിയോ ഫ്രീക്വൻസി ഐഡൻ്റിഫിക്കേഷൻ ടാഗുകൾ സ്ഥാപിച്ചിട്ടുണ്ട്. സംവിധാനം പ്രവർത്തനക്ഷമമാകുമ്പോൾ, 5 കിലോമീറ്ററിനുള്ളിൽ എല്ലാ ട്രെയിനുകളും നിർത്തും, ട്രെയിനിനെ തൊട്ടടുത്ത ട്രാക്കിൽ സുരക്ഷിതമായി കടന്നുപോകാൻ അനുവദിക്കുകയും ചെയ്യും.2022ൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സുരക്ഷാ സംവിധാനം താൻ നേരിട്ടു പരീക്ഷിച്ചതായി പറഞ്ഞിരുന്നു.
എന്നാൽ എന്തുകൊണ്ടാണ് കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിൻ അപകടത്തിൽ കവച് പ്രവർത്തിക്കാത്തത്?
റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ റെയിൽവേ 10,000 കിലോമീറ്റർ കവചിൻ്റെ ടെൻഡർ നൽകിയിട്ടുണ്ട്. ഇതുവരെ, റെയിൽവേ 6,000 കിലോമീറ്റർ കവച് സംവിധാനം ടെൻഡർ ചെയ്യുകയും 1,465 റൂട്ട് കിലോമീറ്ററിലും 139 ലോക്കോമോട്ടീവുകളിലും (ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് റേക്കുകൾ ഉൾപ്പെടെ) സൗത്ത് സെൻട്രൽ റെയിൽവേയിൽ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ഗുവാഹത്തി റൂട്ടിൽ കവച് ലഭ്യമല്ലെന്ന് റെയിൽവേ ബോർഡ് വ്യക്തമാക്കുന്നു. ഈ സംവിധാനം റെയിൽവേ ശൃംഖലയിൽ മുഴുവനായും സ്ഥാപിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവിടങ്ങളിലെല്ലാം കവാച്ച് സംവിധാനം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതേയുള്ളൂവെന്നും റെയിൽവേ വ്യക്തമാക്കുന്നു. 16.88 കോടി രൂപയാണ് കവചിൻ്റെ വികസനത്തിന് ആകെ ചെലവ്.