
കോട്ടയം: വാകത്താനം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില് മത്സരിക്കുന്നവരുടെ പാനലില് യൂത്ത് കോണ്ഗ്രസ് പ്രതിനിധിയെ ഉള്പ്പെടുത്തണമെന്ന് കെപിസിസി നിര്ദേശം നല്കി. പ്രതിനിധിയായി സാമോന് പി വര്ക്കിയെ ഉള്പ്പെടുത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എം പി നിര്ദേശം നല്കിയിട്ടുണ്ടെന്നും അത് പരിഗണിക്കണമെന്നും കെപിസിസി ജനറല് സെക്രട്ടറി ടി യു രാധാകൃഷ്ണന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെ അറിയിച്ചു.
40 വയസ്സിന് താഴെയുള്ള പൊതുവിഭാഗത്തില് പ്രവര്ത്തകരെ പരിഗണിക്കണമെന്ന് യൂത്ത് കോണ്ഗ്രസ് ജില്ലാ നേതൃത്വം യുഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില് പരസ്യപ്രതിഷേധത്തിനായിരുന്നു നീക്കം. യുഡിഎഫ് പാനലില് ബിജെപി പ്രവര്ത്തകനെ സ്ഥാനാര്ത്ഥിയാക്കിയെന്നാരോപിച്ച് മുസ്ലിം ലീഗും യുഡിഎഫ് ജില്ലാ കമ്മിറ്റിക്ക് പരാതി നല്കിയിരുന്നു. സമൂഹമാധ്യമങ്ങളില് സംഘപരിവാര് അനുകൂല നിലപാട് സ്വീകരിക്കുന്ന കൃഷ്ണകുമാറിനെ മത്സരിപ്പിക്കുന്നതിനെതിരെയാണ് ലീഗ് പരാതി നല്കിയത്. ഈ മാസം 20 നാണ് നാലുന്നാക്കല് സഹകരണ ബാങ്കിലേക്കുള്ള തിരഞ്ഞെടുപ്പ്.
മുന്കാലങ്ങളില് യുഡിഎഫ് കൂടിയാലോചിച്ച് ആയിരുന്നു സഹകരണ ബാങ്കിലേക്കുള്ള പാനല് തീരുമാനിച്ചിരുന്നത്. എന്നാല് ഇത്തവണ പതിവ് കീഴ്വഴക്കം ലംഘിച്ചു എന്നാണ് മുസ്ലിം ലീഗിന്റെ പരാതി. പ്രാദേശിക എതിര്പ്പുകള് ഉയര്ന്നിട്ടും സംഘപരിവാര് പ്രചാരകനായ ഒരാള് പാനലില് എത്തിയത് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയെ ചൊടിപ്പിച്ചിരുന്നു.