മൃതദേഹമുണ്ടായിരുന്നത് പൈപ്പില് കുടുങ്ങി മാലിന്യത്തില് കമിഴ്ന്ന നിലയില്; കണ്ടത് വഴിയാത്രക്കാരന്

കനാലില് നിന്ന് പുറത്തെടുത്ത മൃതദേഹം മെഡിക്കല് കോളേജ് മോര്ച്ചറിയിലേക്ക് മാറ്റി

dot image

തിരുവനന്തപുരം: 46 മണിക്കൂര് നീണ്ട ശ്രമങ്ങള് വിഫലമാക്കിയാണ് റെയില്വെ താല്കാലിക തൊഴിലാളി ജോയ്യുടെ മൃതദേഹം കണ്ടെത്തിയത്. പൈപ്പില് കുടുങ്ങി മാലിന്യത്തില് കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹം ലഭിച്ചെന്നും അല്പ്പസമയത്തിനകം ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുമെന്നും മന്ത്രി കെ രാജന് പ്രതികരിച്ചു. ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷമേ രക്ഷാപ്രവര്ത്തനം അവസാനിപ്പിക്കുകയുള്ളൂ. കുടുംബത്തിനുള്ള നഷ്ടപരിഹാരമടക്കമുള്ളവയില് ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു.

കനാലില് നിന്ന് പുറത്തെടുത്ത മൃതദേഹം മെഡിക്കല് കോളേജ് മോര്ച്ചറിയിലേക്ക് മാറ്റി. മൃതദേഹം ജീര്ണിച്ച അവസ്ഥയിലാണ്. മെഡിക്കല് കോളേജിലെ പരിശോധനകള്ക്ക് ശേഷം മാത്രമേ കൂടുതല് കാര്യങ്ങള് വ്യക്തമാകൂ. തകരപ്പറമ്പ് ഭാഗത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. ടണലിന് പുറത്തായായിരുന്നു മൃതദേഹം. റെയില്വേയില് നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത് ഇവിടെയാണ്. ബൈക്കില് വഴിയിലൂടെ പോയ ആളാണ് മൃതദേഹം ആദ്യം കണ്ടതെന്ന് പ്രദേശവാസികള് പറഞ്ഞു.

നാവികസേനയുടെ മുങ്ങല് വിദഗ്ധരുടെ നേതൃത്വത്തില് ഇന്ന് രാവിലെ ആരംഭിച്ച തെരച്ചില് നിര്ത്തിവെച്ചു. താല്കാലികമായാണ് നിലവില് തെരച്ചില് നിര്ത്തിയിരിക്കുന്നത്. സംഘം ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്.

അതേസമയം മൃതദേഹം കണ്ടെത്തിയ തോട്ടിലും മാലിന്യമാണല്ലോ എന്ന ചോദ്യത്തോട് മാലിന്യത്തിനെതിരെയുള്ള യുദ്ധമാണ് ഉണ്ടാകേണ്ടതെന്ന് മന്ത്രി കെ രാജന് പ്രതികരിച്ചു. ഇപ്പോള് ഒരു വിവാദത്തിനുമില്ല. വീഴ്ച പരിശോധിക്കപ്പെടേണ്ട വസ്തുതകളില് ഒന്നാണെന്നും മന്ത്രി പറഞ്ഞു.

തമ്പാനൂര് റെയില്വേ സ്റ്റേഷനടുത്ത് ആമയിഴഞ്ചാന് തോട്ടിലെ മാലിന്യങ്ങള് വൃത്തിയാക്കുന്നതിനിടെ ശനിയാഴ്ചയാണ് ജോയിയെ ഒഴുക്കില്പ്പെട്ട് കാണാതായത്. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില് ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില് പെടുകയായിരുന്നു. മാരായമുട്ടം സ്വദേശിയാണ് റെയില്വേയുടെ താല്ക്കാലിക തൊഴിലാളിയായ ജോയി.

dot image
To advertise here,contact us
dot image