അത് ഹിപ്നോട്ടിസം പരീക്ഷണമല്ല, ‘ചോക്കിങ് ഗെയിം’? വിദ്യാർത്ഥികൾ ബോധരഹിതരായതിന് പിന്നിലെന്ത്

കഴുത്തിന്റെ പിൻഭാഗത്തോ തൊണ്ടയിലോ ഞരമ്പിൽ സമ്മർദം ചെലുത്തി തലച്ചോറിലേക്കുള്ള രക്തയോട്ടം തടയുന്ന രീതിയാണിത്

dot image

തൃശ്ശൂർ: കൊടുങ്ങല്ലൂർ വി കെ രാജൻ സ്മാരക ഗവൺമെൻ്റ് ഹൈസ്കൂളിൽ ഹിപ്നോട്ടിസം പരീക്ഷിച്ച വിദ്യാര്ത്ഥികള് ബോധരഹിതരായ സംഭവത്തിന് പിന്നിൽ ‘ചോക്കിങ് ഗെയിം’ എന്ന് സൂചന. ഹിപ്നോട്ടിസം എന്ന പേരിൽ യൂട്യൂബിലൂടെ പലരും പ്രചരിപ്പിക്കുന്ന ഈ പ്രവൃത്തിയ്ക്ക് സ്പേസ് മങ്കി ഗെയിം, പാസ്ഔട്ട് ഗെയിം തുടങ്ങിയ പേരുകളുമുണ്ട്. കഴുത്തിന്റെ പിൻഭാഗത്തോ തൊണ്ടയിലോ ഞരമ്പിൽ സമ്മർദം ചെലുത്തി തലച്ചോറിലേക്കുള്ള രക്തയോട്ടം തടയുന്ന രീതിയാണിത്. ഞൊടിയിടയിൽ ആളുകൾ ബോധരഹിതരാകാൻ ഇതിടയാക്കും. വളരെ അപകടകരമാണിത്.

ചോക്കിങ് ഗെയിം എന്ന വിനോദം പലപ്പോഴും മരണത്തിനു വരെ കാരണമാകാമെന്നുവെന്നാണ് വിദഗ്ധർ പറയുന്നത്. ഇതുമൂലം ബോധക്ഷയം, മസ്തിഷ്ക ക്ഷതം എന്നിങ്ങനെ ആരോഗ്യപ്രശ്നങ്ങൾ പലതും സംഭവിക്കാവുന്നതാണ്. പല രാജ്യങ്ങളിലും ചോക്കിങ് ഗെയിം വീഡിയോകൾക്ക് കർശനമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. യുവാക്കൾക്കും കുട്ടികൾക്കുമിടയിൽ ലഹരി ഉപയോഗം പോലെ ഇത്തരം വിനോദങ്ങൾ ഗുരുതരമായ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് സൈക്കോളജിസ്റ്റുകള് പറയുന്നത്.

കഴിഞ്ഞ ദിവസമാണ് കൊടുങ്ങല്ലൂർ വി കെ രാജൻ സ്മാരക ഗവൺമെൻ്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്ത്ഥികളായ മൂന്ന് പെണ്കുട്ടികളും ഒരാൺകുട്ടിയും ബോധരഹിതരായത്. യൂട്യൂബ് നോക്കിയാണ് വിദ്യാര്ത്ഥികള് ഹിപ്നോട്ടിസം പരീക്ഷിച്ചതെന്നായിരുന്നു വിവരം. കഴുത്തിനു പിറകിലെ ഞരമ്പിൽ അമർത്തിപ്പിടിച്ചപ്പോൾ ഇവർ ബോധരഹിതരായെന്നാണു സൂചന.

വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. വിദ്യാര്ത്ഥികള് വിവരമറിയിച്ചതിനെ തുടര്ന്ന് പ്രധാനാധ്യാപികയും അധ്യാപരും സ്ഥലത്തുണ്ടായിരുന്ന പിടിഎ പ്രസിഡന്റും ക്ലാസ് റൂമിലെത്തി കുട്ടികളുടെ മുഖത്ത് വെള്ളം തളിച്ചിട്ടും ഉണർന്നില്ല. ഉണരായതോടെ ഉടന് തന്നെ കുട്ടികളെ താലൂക്ക് ആശുപത്രിയില് എത്തിച്ചു. പ്രാഥമിക ചികിത്സ നല്കുന്നതിനിടെയാണ് മൂന്ന് പേരും സാധാരണ നിലയിലായത്.

വിദ്യാര്ത്ഥികള് ഇത്തരം പരീക്ഷണങ്ങള് നടത്തുന്നത് അപകടകരമാണെന്ന് ഡോക്ടര്മാര് പറയുന്നു. യൂട്യൂബില് കണ്ട് ഹിപ്നോട്ടിസം പോലുള്ളവ പരീക്ഷിക്കുന്നത് അപകടകരമാണ്. വൈദഗ്ധ്യമില്ലാത്തവര് ഇത് ചെയ്താല് അബോധാവസ്ഥയിലാകാന് സാധ്യതയുണ്ടെന്നും ഡോക്ടര്മാര് മുന്നറിയിപ്പ് നല്കുന്നു.

dot image
To advertise here,contact us
dot image