
പത്തനംതിട്ട: വിവാദങ്ങളിൽ നിന്നൊഴിയാതെ സിപിഐഎം. പാർട്ടിയിലേക്ക് സ്വീകരിച്ച കുമ്പഴ സ്വദേശി സുധീഷ് ഡിവൈഎഫ്ഐ പ്രവർത്തകരെ വടിവാൾ കൊണ്ട് വെട്ടിയ കേസിൽ ഒന്നാം പ്രതി. 2021 ൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വീണ ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ ഡിവൈഎഫ്ഐ പ്രവർത്തകരെയാണ് സുധീഷും സംഘവും ആക്രമിച്ചത്. സുധീഷ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
ഈ മാസം അഞ്ചാം തീയതിയാണ് കുമ്പഴ സ്വദേശി സുധീഷ് ഉൾപ്പെടെ 62 പേരെ സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, മന്ത്രി വീണാ ജോർജ് എന്നിവർ ചേർന്ന് പാർട്ടിയിലേക്ക് സ്വീകരിച്ചത്. ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിയ കേസിൽ സുധീഷ് ഉൾപ്പെടെ അഞ്ച് പ്രതികളാണുള്ളത്. വാൾ, കമ്പി വടി, ഹെൽമെറ്റ് എന്നിവ ഉപയോഗിച്ച് സുധീഷും സംഘവും ഡിവൈഎഫ്ഐ പ്രവർത്തകരായ സുജിത്ത്, ആകാശ്, അഖിൽ സതീഷ് എന്നിവരെ ആക്രമിക്കുകയായിരുന്നു.
വെട്ടേറ്റ മൂവരേയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ആർഎസ്എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് അന്ന് ഡിവൈഎഫ്ഐ നേതൃത്വം ആരോപിച്ചിരുന്നു. ആറന്മുളയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വീണ ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ ആയിരുന്നു സുധീഷും സംഘവും ഡിവൈഎഫ്ഐ പ്രവർത്തകരായ സുജിത്തിനെയും ആകാശിനെയും അഖിലിനേയും ആക്രമിച്ചത്.
സുധീഷ് വടിവാളുകൊണ്ട് ഡിവൈഎഫ്ഐ പ്രവർത്തകന്റെ തലയ്ക്ക് വെട്ടിയതായും കമ്പി വടികൊണ്ട് കഴുത്തിലും പുറത്തും അടിച്ചതായും വടിവാൾ വീശിയപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകന്റെ ഇരു കൈപ്പത്തികൾക്കും പരിക്കേറ്റതായും എഫ്ഐആറിലുണ്ട്. മറ്റ് പ്രതികൾ കൈകൾ കൊണ്ടും ഹെൽമറ്റ് കൊണ്ടും ശരീരമാസകലം അടിച്ചതായും എഫ് ഐ ആറിൽ പറയുന്നു.
ഐപിസി 1860 143, 147, 148, 323, 324, 308, 149 വകുപ്പുകൾ പ്രകാരമാണ് സുധീഷിനെതിരെ കേസെടുത്തിരുന്നത്. 2023 നവംബറിൽ മേലെവെട്ടിപ്പുറത്ത് വച്ച് എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ച കേസിൽ സുധീഷിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. ഇതുവരെ സുധീഷിനെ പിടികൂടാൻ പൊലീസിനായിട്ടില്ല.