
May 20, 2025
11:32 AM
തിരുവനന്തപുരം: ആമയിഴഞ്ചാന്തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്പ്പെട്ട് കാണാതായ ജോയിയുടെ മരണവാര്ത്ത ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജോയിയുടെ ദാരുണമായ മരണത്തില് അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തില് പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി വാര്ത്താക്കുറിപ്പില് അറിയിച്ചു.
ശനിയാഴ്ച കാണാതായ ജോയിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് തകരപ്പറമ്പ്- വഞ്ചിയൂര് ഭാഗത്തു നിന്ന് കണ്ടെത്തിയത്. ജോയിയെ കണ്ടെത്താന് 46 മണിക്കൂര് നീണ്ട തുടര്ച്ചയായ രക്ഷാപ്രവര്ത്തനമാണ് നടന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടായിരുന്നു രക്ഷാപ്രവര്ത്തനം. എല്ലാ സര്ക്കാര് സംവിധാനങ്ങളും ഏകോപിതമായി പ്രവര്ത്തനം ഏറ്റെടുക്കുകയും മനുഷ്യസാധ്യമായ എല്ലാ നടപടികളും ഉറപ്പാക്കുകയും ചെയ്തു. ജെന് റോബോട്ടിക്സ് ഉള്പ്പെടെയുള്ള സാങ്കേതികവിദ്യ സഹായവും ഉറപ്പാക്കി.
അതിസങ്കീര്ണമായ രക്ഷാപ്രവര്ത്തനത്തില് അഗ്നിരക്ഷാസേന, അവരുടെ സ്കൂബാ ഡൈവിങ് സംഘം, ദേശീയ ദുരന്തനിവാരണ സേന, പൊലീസ്, നാവികസേനയുടെ വിദഗ്ധസംഘം, ശുചീകരണ തൊഴിലാളികള് ഉള്പ്പെടെയുള്ളവര് കൈ മെയ് മറന്ന് പ്രവര്ത്തിച്ചു. അവരെയാകെ നാടിനുവേണ്ടിയുള്ള നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആമയിഴഞ്ചാന് തോട്ടില് കാണാതായ ജോയിക്കായുള്ള തെരച്ചില് മൂന്നാം ദിവസവും തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. റെയില്വേയില് നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത് തകരപ്പറമ്പ് ഭാഗത്തെ കനാലിലാണ്. മൃതദേഹം ജീര്ണിച്ച അവസ്ഥയിലായിരുന്നു. തകരപ്പറമ്പ് ഭാഗത്തെ കനാലില് കണ്ടെത്തിയ മൃതദേഹം റെയില്വെ താല്കാലിക തൊഴിലാളിയായിരുന്ന ജോയിയുടേതുതന്നെയെന്ന് സ്ഥിരീകരിച്ചതായി മേയര് ആര്യാ രാജേന്ദ്രന് അറിയിച്ചു.
'മൃതദേഹം ജോയിയുടേത് തന്നെ'; സ്ഥിരീകരിച്ചതായി മേയര്