രക്ഷാപ്രവര്ത്തനത്തിന് നൈറ്റ് വിഷന് ക്യാമറയുള്ള റോബോട്ടിക് സാങ്കേതിക വിദ്യ; പരിശോധന തുടരുന്നു

നൈറ്റ് വിഷന് ക്യാമറയുള്ള റോബോട്ടിക് സാങ്കേതിക വിദ്യ പ്രധാന ടണലിലേക്ക് ഇറക്കി

dot image

തിരുവനന്തപുരം: തമ്പാനൂരില് ആമയിഴഞ്ചാന് തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായി രക്ഷാപ്രവര്ത്തനം തുടരുന്നു. ജോയിയെ കാണാതായി 24 മണിക്കൂര് പിന്നിടുമ്പോള് റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സ്കൂബ ടീമിന്റെ പരിശോധനയാണ് നടക്കുന്നത്. നൈറ്റ് വിഷന് ക്യാമറയുള്ള റോബോട്ടിക് സാങ്കേതിക വിദ്യ പ്രധാന ടണലിലേക്ക് ഇറക്കി.

ക്യാമറയുടെ സഹായത്തോടെ പുറത്തുനിന്ന് ടണലിനകത്തെ ദൃശ്യങ്ങള് മോണിറ്റര് ചെയ്യാം. ഇതിന്റെ സഹായത്തോടെയാണ് രക്ഷാദൗത്യം നടക്കുന്നത്. പ്രധാനടണലില് റോബോട്ടിക് പരിശോധനയ്ക്കൊപ്പം ഒരാളും ഇറങ്ങി. മൂന്നാം നമ്പര് പ്ലാറ്റ്ഫോമിലെ മാന് ഹോള് പരിശോധനയ്ക്ക് ഒരേ സമയം മൂന്നും പേരും ഇറങ്ങിയിട്ടുണ്ട്. നേരത്തെ പ്ലാറ്റ്ഫോം നമ്പര് മൂന്ന് മുതല് ഒന്ന് വരെ പരിശോധന നടത്തിയിരുന്നു.

പത്തനംതിട്ട, കൊല്ലം ജില്ലകളില് നിന്ന് കൂടുതല് സ്കൂബ ടീം എത്തുമെന്ന് മന്ത്രി വി ശിവന്കുട്ടി അറിയിച്ചിരുന്നു. ഇന്നലെ രാവിലെ തമ്പാനൂര് റെയില്വേ സ്റ്റേഷനടുത്ത് ആമയിഴഞ്ചാന് തോട്ടിലെ മാലിന്യങ്ങള് വൃത്തിയാക്കുന്നതിനിടെയാണ് ജോയിയെ ഒഴുക്കില്പ്പെട്ട് കാണാതായത്. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില് ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില് പെടുകയായിരുന്നു. മഴ പെയ്തപ്പോള് ജോയിയോട് കരയ്ക്കു കയറാന് ആവശ്യപ്പെട്ടിരുന്നതായി ഒപ്പമുണ്ടായിരുന്ന ആളുകള് പറഞ്ഞു. എന്നാല് തോടിന്റെ മറുകരയില് നിന്ന ജോയി ഒഴുക്കില് പെടുകയായിരുന്നു. മാരായമുട്ടം സ്വദേശിയാണ് റെയില്വേയുടെ താല്ക്കാലിക തൊഴിലാളിയായ ജോയി.

ജില്ലാ കളക്ടറും മേയറും എന്ഡിആര്എഫ് സംഘവും നടത്തിയ ചര്ച്ചയ്ക്ക് ശേഷമാണ് സുരക്ഷ കൂടെ പരിഗണിച്ച് തെരച്ചില് ഇന്ന് രാവിലെത്തേക്ക് മാറ്റിയത്. രക്ഷാപ്രവര്ത്തനം നടത്തുന്നവര്ക്ക് അടിയന്തര വൈദ്യസഹായം എത്തിക്കുന്നതിന് പ്രത്യേക മെഡിക്കല് സംഘത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജിന്റെ നിര്ദേശാനുസരണം നിയോഗിച്ചു. ഓക്സിജന് സപ്പോര്ട്ട്, ബേസിക് ലൈഫ് സപ്പോര്ട്ട് തുടങ്ങിയ സംവിധാനങ്ങളുള്ള ആംബുലന്സുകളും സജ്ജമാക്കും. വെള്ളത്തിലിറങ്ങുന്നവര്ക്ക് ഡോക്സിസൈക്ലിന് ഉള്പ്പെടെയുള്ള പ്രതിരോധ മരുന്നുകളും നല്കും.

ജോയിയെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് സർക്കാർ; തെരച്ചിൽ കൂടുതൽ ഭാഗത്തേക്ക്
dot image
To advertise here,contact us
dot image