
കാസര്കോട്: ചിറ്റാരിക്കല് നല്ലോംപുഴയില് കെഎസ്ഇബി ജീവനക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്താന് ശ്രമിച്ചെന്ന പരാതിയില് പൊലീസ് വധശ്രമത്തിന് കേസെടുത്തു. മാരിപ്പുറത്ത് ജോസഫിന്റെ മകന് സന്തോഷിനെതിരെയാണ് കേസ്. ജോസഫിന്റെ വീട്ടിലെ മീറ്റര് മാറ്റുന്നതുമായി ബന്ധപ്പെട്ട തര്ക്കമാണ് ആക്രമണത്തില് കലാശിച്ചത്. സന്തോഷ് ഒളിവിലാണ്.
ജോസഫിന്റെ വീട്ടിലെ കേടായ മീറ്റര് മാറ്റി തിരികെ പോകുന്നതിടെയാണ് കെഎസ്ഇബി ജീവനക്കാരനായ അരുണ്കുമാറിന് നേരെ ആക്രമണമുണ്ടായത്. മീറ്റര് മാറ്റാനുള്ള ശ്രമത്തിനിടെ ജോസഫുമായി തര്ക്കമുണ്ടായിരുന്നു. ജീപ്പില് പിന്നാലെ എത്തിയ മകന് സന്തോഷാണ് ബൈക്കില് സഞ്ചരിക്കുകയായിരുന്ന അരുണ്കുമാറിനെ ഇടിച്ചുവീഴ്ത്തിയതിനുശേഷം മര്ദ്ദിച്ചത്. ജാക്കി ലിവര് കൊണ്ട് മര്ദ്ദിച്ചുവെന്നും അരുണ്കുമാര് പറഞ്ഞു.
സംഭവത്തില് ചിറ്റാരിക്കല് പൊലീസ് സന്തോഷിനെതിരെ ഭാരതീയ ന്യായ സംഹിത 109 പ്രകാരം വധശ്രമത്തില് കേസെടുത്തു. ഒളിവില് പോയ സന്തോഷിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടിക്കടി വൈദ്യുതി ബോര്ഡിലെ ജീവനക്കാര്ക്ക് നേരെയുണ്ടാകുന്ന മര്ദ്ദനങ്ങള് അവസാനിപ്പിക്കാന് കര്ശന നടപടികള് സ്വീകരിക്കണമെന്ന് ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്ഫെഡറേഷന് ഐഎന്ടിയുസി ആവശ്യപ്പെട്ടു.