
കണ്ണൂര്: കണ്ണൂരില് പെട്രോള് പമ്പില് പൊലീസുകാരന്റെ ഗുണ്ടായിസം. കാറില് പെട്രോള് അടിച്ച് പൈസ നല്കാതെ ജീവനക്കാരനെ ഇടിച്ചുതെറിപ്പിക്കാന് ശ്രമിച്ചെന്നാണ് പരാതി. ജീവനക്കാരനെ ഇടിച്ചുതെറിപ്പിക്കാന് ശ്രമിച്ചത് കണ്ണൂര് ടൗണ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവര് സന്തോഷ് കുമാര്. കാറില് തൂങ്ങി കിടന്ന ജീവനക്കാരനെ ടൗണ് പൊലീസ് സ്റ്റേഷന് വരെ കൊണ്ടുപോയതായും പമ്പ് ജീവനക്കാര് പറഞ്ഞു.
കണ്ണൂര് ടൗണിലെ എന്കെബിടി പെട്രോള് പമ്പിലാണ് സംഭവം. പൊലീസുകാരന് പമ്പില് വന്നു ഫുള് ടാങ്ക് അടിക്കാന് ആവശ്യപ്പെട്ടുവെന്നും പൈസ ചോദിച്ചപ്പോള് വണ്ടി എടുത്തുകൊണ്ടു പോകുകയായിരുന്നുവെന്നും ജീവനക്കാരന് പറഞ്ഞു. ഇതേ പൊലീസുകാരന് മുന്പ് മറ്റൊരു പമ്പിലും പ്രശ്നമുണ്ടാക്കിയതായി പരാതിയുണ്ട്.