
പാലക്കാട്: യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പാലക്കാട് നിയോജക മണ്ഡലം മുന് പ്രസിഡന്റ് വിപിൻ. പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ആളായതുകൊണ്ട് തന്നോട് വളരെ മോശം രീതിയിലാണ് ജില്ലാ നേതൃത്വം പെരുമാറിയിരുന്നതെന്ന് വിപിൻ ആരോപിച്ചു. വിഷയത്തിൽ ഇടപെടലാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി പുഷ്പലതയ്ക്ക് പരാതി നൽകിയെന്നും വിപിൻ പറഞ്ഞു.
'ജില്ലാ നേതൃത്വത്തിന്റെ തിരക്കഥയ്ക്ക് അനുസരിച്ച് മാത്രം പ്രവർത്തിക്കേണ്ട സ്ഥിതിയായിരുന്നു. നിയോജക മണ്ഡലം പ്രസിഡന്റായ ഞാനറിയാതെ എന്റെ നിയോജക മണ്ഡലത്തിൽ ക്യാമ്പ് നടത്താൻ ജില്ലാ നേതൃത്വം തീരുമാനിച്ചു. ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ ഇതൊന്നും നീ അറിയേണ്ട എന്ന നിലപാടായിരുന്നു നേതൃത്വതിന്റേത് ' വിപിൻ പറഞ്ഞു.
'എതിർത്തപ്പോൾ മുതലാളിത്ത രീതിയിലായിരുന്നു തന്നോട് പെരുമാറിയിരുന്നത് ,ഡിസിസി പ്രസിഡന്റിനോട് അടുപ്പം കാണിച്ചതിൻ്റെ പേരിൽ നഗരസഭ കൗൺസിലറായ തന്നെ വേട്ടയാടി, സഹികെട്ട് രാജി സന്നത അറിയിച്ചപ്പോൾ പ്രശ്ന പരിഹാരത്തിന് പകരം മണ്ഡലത്തിൻ്റെ പുറത്തുള്ള ആളെ പകരക്കാരനാക്കി നിയമിച്ചുവെന്നും' വിപിൻ പറഞ്ഞു.
ഉപ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പിന്നീട് രാജി പിൻവലിക്കാൻ സന്നദ്ധത അറിയിച്ചെങ്കിലും തന്നെ പൂർണ്ണമായി മാറ്റി നിർത്തിയെന്നും ജില്ലയിൽ ജനാധിപത്യ സംവിധാനമായി പ്രവർത്തിക്കുന്ന യൂത്ത് കോൺഗ്രസിനെ ഏകാധിപത്യ രീതിയിലേക്ക് മാറ്റാനാണ് ജില്ലാ നേതൃത്വം ശ്രമിക്കുന്നത് എന്നും വിപിൻ ആരോപിച്ചു.