
പത്തനംതിട്ട: മന്ത്രി വീണാ ജോർജ്ജ് പങ്കെടുത്ത സ്വീകരണ പരിപാടിയിൽ ക്രിമിനലുകൾ പങ്കെടുത്തതിൽ ഇൻ്റലിജൻസ് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി വി അജിത്ത്. സിപിഐഎം സ്വീകരിച്ച വധശ്രമക്കേസ് പ്രതി സുധീഷ് ഒളിവിൽ തന്നെയാണെന്നും കാപ്പ കേസ് പ്രതി ശരൺ ചന്ദ്രൻ ഇനി ഒരു ക്രിമിനൽ കേസിൽ കൂടി ഉൾപ്പെട്ടാൽ കാപ്പയിലെ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം വാദത്തെ പൂർണ്ണമായും തള്ളിക്കൊണ്ടുള്ള പ്രതികരണമായിരുന്നു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടേത്. കാപ്പ ലംഘിച്ചതിന് ശരൺ ചന്ദ്രനെതിരെ കോടതിയിൽ കേസുണ്ട്. ഇനി ഒരു ക്രിമിനൽ കേസിൽ ശരൺ ചന്ദ്രൻ ഉൾപ്പെട്ടാൽ കാപ്പയിലെ ശക്തമായ നടപടി ഉണ്ടാകുമെന്നും വി അജിത്ത് വ്യക്തമാക്കി.
വെള്ളയാഴ്ച കുമ്പഴയിൽ വെച്ച് വധശ്രമക്കേസ് പ്രതി സുജിത്തിനേയും പാർട്ടിയിലേക്ക് സ്വീകരിച്ചിരുന്നു. വധശ്രമക്കേസ് രജിസ്റ്റർ ചെയ്ത അന്ന് മുതൽ സുധീഷ് ഒളിവിലാണെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി പങ്കെടുത്ത പരിപാടിയിലാണ് 62 പേരെ സിപിഐഎമ്മിലേക്ക് സ്വീകരിച്ചത്. സർക്കാർ പരിപാടി അല്ലാത്തതിനാൽ പൊലീസിൻ്റെ ശ്രദ്ധ സ്വീകരണ പരിപാടിയിൽ ഉണ്ടായിരുന്നില്ലെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
അതേസമയം, ഡിവൈ എഫ് ഐ ഇന്ന് എക്സൈസ് ഓഫീസിലേക്ക് നടത്താനിരുന്ന പ്രതിഷേധ മാർച്ച് മാറ്റി വെച്ചു. സിപിഐഎം സ്വീകരിച്ച യദുകൃഷ്ണനെ കഞ്ചാവ് കേസിൽ എക്സൈസ് പെടുത്തി എന്നാരോപിച്ചായിരുന്നു സമരം നടത്താൻ തീരുമാനിച്ചിരുന്നത്. കഞ്ചാവ് വിഷയത്തിൽ പ്രതിയെ അനുകൂലിച്ച് സമരം ചെയ്താൽ പാർട്ടിക്ക് തിരിച്ചടിയാകുമെന്ന ആശങ്കയെത്തുടർന്നാണ് സമരത്തിൽ നിന്ന് പിൻമാറിയത്. മുൻ എസ്എഫ്ഐ നേതാവും വിജ്ഞാൻ പത്തനംതിട്ട ഡയറക്ടറുമായ ബീന ഗോവിന്ദന്റെ സംസ്കാര ചടങ്ങ് ഇന്ന് ആയതിനാലാണ് സമരം മാറ്റിവെച്ചതെന്നാണ് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.