
May 25, 2025
05:10 PM
പറവൂര്: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്ത്താവിനെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. പറവൂര് ഘണ്ടാകര്ണന് വെളി കൊളേപ്പാടം റോഡ് ഡ്രീംസ് വില്ലയില് വാലത്ത് വിദ്യാധരനാണ് (63) ഭാര്യ വനജയെ (58) കൊന്ന് ജീവനൊടുക്കിയതെന്ന് പൊലീസ് അറിയിച്ചു. വീടിന് കുറച്ചകലെ താമസിക്കുന്ന ഇളയ മകള് ദിവ്യ ശനിയാഴ്ച രാവിലെ ഫോണ് ചെയ്തെങ്കിലും ആരും എടുത്തില്ല. തുടര്ന്ന് അയല്വാസിയെ വിളിച്ച് വിവരം പറഞ്ഞു. അയല്വാസി എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. എറണാകുളത്ത് സ്വകാര്യ ഏജന്സിയില് സെക്യൂരിറ്റി ജീവനക്കാരനായിരുന്നു വിദ്യാധരന്.
വടക്കേക്കര കട്ടത്തുരുത്ത് സ്വദേശിയായ വിദ്യാധരന് താമസിച്ചിരുന്ന വീട് വിറ്റശേഷം രണ്ടര വര്ഷം മുമ്പാണ് ഇവിടെ താമസം തുടങ്ങിയത്. നന്ത്യാട്ടുകുന്നം ഗാന്ധി മന്ദിരത്തില് ജീവനക്കാരിയായി വിരമിച്ചയാളാണ് വനജ. കാഴ്ചക്കുറവ് ഉണ്ടായതിനെത്തുടര്ന്ന് മാനസികമായ ചില പ്രശ്നങ്ങള് വനജക്കുണ്ടായിരുന്നു. ഇതുമൂലം ദമ്പതികള്ക്കിടയില് വഴക്ക് പതിവായിരുന്നുവെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രി ഇരുവരും തമ്മിലുണ്ടായ പ്രശ്നങ്ങളാകാം സംഭവത്തില് കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഭര്ത്താവ് വിദേശത്തായതിനാല് ദിവ്യ ഇവര്ക്കൊപ്പമായിരുന്നു താമസം. കുറച്ചുമാസം മുമ്പാണ് തൊട്ടടുത്ത മറ്റൊരു വീട്ടിലേക്ക് ദിവ്യയും മകളും താമസം മാറ്റിയത്. മൃതദേഹങ്ങള് പോസ്റ്റ്മോര്ട്ടത്തിന് എറണാകുളം ഗവ. മെഡിക്കല് കോളജിലേക്ക് മാറ്റി. സംസ്കാരം നാളെ നടക്കും. ദീപയാണ് മറ്റൊരു മകള്. മരുമക്കള്: ചിഞ്ചുലാല് (ഗള്ഫ്), രാജേന്ദ്രനാഥ വൈദ്യര് (സിവില് സൂപ്പര്വൈസര്).
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)