സ്റ്റോപ്പ് മെമ്മോവിന് 'പുല്ലുവില'; ആനയിറങ്കലിൽ നിയമങ്ങൾ കാറ്റിൽ പറത്തി ബഹുനില കെട്ടിട നിർമാണം

ആനയിറങ്കൽ ടൂറിസം പദ്ധതിയുടെ പ്രവേശന കവാടത്തിന് എതിർവശത്തായാണ് ബഹുനില കെട്ടിടം അനധികൃതമായി നിർമ്മാണം നടത്തുന്നത്

dot image

തൊടുപുഴ: ഇടുക്കി ആനയിറങ്കലിൽ പഞ്ചായത്തിൻ്റെ സ്റ്റോപ്പ് മെമ്മോ മറികടന്ന് ബഹുനില കെട്ടിട നിർമാണം. ആനയിറങ്കൽ ടൂറിസം പ്രോജക്ടിന്റെ പ്രവേശന കവാടത്തിന് എതിർവശത്താണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ദേശീയപാതയോട് ചേർന്നുള്ള അനധികൃത നിർമാണം.

നിർമ്മാണ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ഏപ്രിൽ മാസത്തിൽ തന്നെ ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ് നൽകിയിരുന്നു. എന്നിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ നിർബാധം തുടരുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് ഇയാൾ പെർമിറ്റിനായി അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ അപേക്ഷയിൽ കാണിച്ചിരുന്ന സ്ഥലം മറ്റൊരിടത്താണ്. പഞ്ചായത്തിന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ആദ്യം പെർമിറ്റ് സമ്പാദിച്ചത്. ഇത് കണ്ടെത്തിയതോടെയാണ് നിർത്തിവെക്കൽ ഉത്തരവ് നൽകിയത്.

വർഷങ്ങൾക്കു മുമ്പ് ഇവിടെ മറ്റൊരു കെട്ടിടം നിലനിന്നിരുന്നു. അതിന് പഞ്ചായത്തിൽ കരമടച്ചിരുന്നതുമാണ്. ഈ കെട്ടിടം നശിച്ചതിനുശേഷം ഓൺലൈനായി കരമടച്ചു. പിന്നീട് നിലവിലെ കൈവശക്കാരൻ ഓണർഷിപ്പ് മാറ്റാൻ അപേക്ഷ നൽകി. സെക്രട്ടറി നടത്തിയ അന്വേഷണത്തിലാണ് ഇല്ലാത്ത കെട്ടിടത്തിന്റെ ഓണർഷിപ്പ് മാറ്റാനാണ് അപേക്ഷ എന്ന് മനസ്സിലായത്. തുടർന്ന് ഉടമ തന്നെ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയിൽ വ്യക്തമായ രേഖകൾ പഞ്ചായത്ത് ഹാജരാക്കിയിട്ടുമുണ്ട്. ഈ കേസ് കോടതിയിൽ നിലനിൽക്കുകകൂടി ചെയ്യുന്ന സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ അനുമതിയില്ലാതെ നിർത്തിവയ്ക്കൽ ഉത്തരവ് മറികടന്നുള്ള നിർമ്മാണം.

dot image
To advertise here,contact us
dot image