
കോഴിക്കോട്: പിഎസ് സി നിയമനത്തിന് കോഴ വാങ്ങിയെന്ന പരാതിയിൽ പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചർച്ച ചെയ്യാൻ ചേർന്ന സിപിഐഎം ജില്ലാക്കമ്മിറ്റി യോഗത്തിൽ തർക്കം. പ്രമോദിൻ്റെ റിയൽഎസ്റ്റേറ്റ് ബന്ധത്തെ ചൊല്ലിയാണ് നേതാക്കൾ തമ്മിൽ തർക്കിച്ചത്. പരസ്യ കമ്പനി നടത്തുന്ന മറ്റൊരു ജില്ലാ കമ്മറ്റി അംഗത്തിനും വൻകിട റിയൽ എസ്റ്റേറ്റ് ബന്ധങ്ങൾ ഉണ്ടെന്നും ഇയാൾക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും ഒരു വിഭാഗം ചോദിച്ചു.
പ്രമോദിനെ പുറത്താക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ജില്ല സെക്രട്ടറിയേറ്റ് യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ സസ്പെൻഷനോ തരംതാഴ്ത്തലോ മതിയെന്ന നിലപാടിലാണ് എതിർപക്ഷം. ജില്ല കമ്മിറ്റിക്ക് ശേഷം നടക്കുന്ന ഏരിയ കമ്മിറ്റി യോഗത്തിൽ പ്രമോദ് കോട്ടൂളി പങ്കെടുക്കും. അതിനിടെ ഇന്ന് ഉച്ചക്ക് ചേരുന്ന ടൗൺ ഏരിയ കമ്മറ്റി യോഗം ഏരിയ സെക്രട്ടറി പ്രമോദിനെ അറിയിച്ചിട്ടില്ലെന്നാണ് വിവരം.