
കോട്ടയം: വാകത്താനം നാലുന്നാക്കൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലെ യുഡിഎഫ് പാനലിൽ ബിജെപി പ്രവർത്തകനെ സ്ഥാനാർത്ഥിയാക്കിയതോടെ മുന്നണിയിൽ ഭിന്നത. സമൂഹമാധ്യമങ്ങളിൽ സംഘപരിവാർ അനുകൂല നിലപാട് സ്വീകരിക്കുന്ന കൃഷ്ണകുമാറിനെ മത്സരിപ്പിക്കുന്നതിനെതിരെ മുസ്ലിം ലീഗ് യുഡിഎഫ് ജില്ലാ കമ്മിറ്റിക്ക് പരാതി നൽകി. യൂത്ത് കോൺഗ്രസ് പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയും പാനലിനെതിരെ രംഗത്തെത്തി.
ഈ മാസം 20 നാണ് നാലുന്നാക്കൽ സഹകരണ ബാങ്കിലേക്കുള്ള തിരഞ്ഞെടുപ്പ്. കടുത്ത മത്സരം നടക്കുന്ന തിരഞ്ഞെടുപ്പിനായി കഴിഞ്ഞ ദിവസമാണ് യുഡിഎഫ് 15 അംഗ പാനൽ പ്രഖ്യാപിച്ചത്. ഈ പാനലിലെ 40 വയസ്സിന് താഴെയുള്ള പൊതുവിഭാഗത്തിലേക്കാണ് സംഘപരിവാർ അനുകൂലിയായ കൃഷ്ണകുമാർ സ്ഥാനാർത്ഥിയായത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ എൻഡിഎ വിജയത്തിലടക്കം ബിജെപി-ആർഎസ്എസ് അനുകൂല ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ട കൃഷ്ണകുമാറിനെതിരെ മുന്നണിക്കകത്ത് തന്നെ പ്രതിഷേധം ഉയർന്നു.
മുൻകാലങ്ങളിൽ യുഡിഎഫ് കൂടിയാലോചിച്ച് ആയിരുന്നു സഹകരണ ബാങ്കിലേക്കുള്ള പാനൽ തീരുമാനിച്ചിരുന്നത്. എന്നാൽ ഇത്തവണ പതിവ് കീഴ്വഴക്കം ലംഘിച്ചു എന്നാണ് മുസ്ലിം ലീഗിന്റെ പരാതി. പ്രാദേശിക എതിർപ്പുകൾ ഉയർന്നിട്ടും സംഘപരിവാർ പ്രചാരകനായ ഒരാൾ പാനലിൽ എത്തിയത് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയെ ചൊടിപ്പിച്ചിട്ടുണ്ട്.
കണ്ടെയ്നറുകൾ ഇറക്കി കഴിഞ്ഞില്ല; മദര്ഷിപ്പ് സാന് ഫെര്ണാന്ഡോയുടെ മടക്കയാത്ര നാളെസംസ്ഥാന ലീഗ് നേതൃത്വത്തിന്റെ കൂടി അറിവോടെയാണ് യുഡിഎഫ് പാനലിനെതിരെ ലീഗ് പ്രതിഷേധത്തിലേക്ക് കടക്കുന്നത്. ബിജെപി അനുകൂലി ഉൾപ്പെടുന്ന പാനലിലെ പോസ്റ്ററിൽ നിന്നും ലീഗ് അധ്യക്ഷന്റെ ചിത്രം നീക്കം ചെയ്യണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. 40 വയസ്സിന് താഴെയുള്ള പൊതു വിഭാഗത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പരിഗണിക്കണമെന്ന് ജില്ലാ നേതൃത്വം യുഡിഎഫിനെ അറിയിച്ചിരുന്നു. ഇതും പരിഗണിച്ചിട്ടില്ല. ഇതോടെ യൂത്ത് കോൺഗ്രസും പരസ്യ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.