ഇടുക്കിയില് ട്രക്കിംഗ് നിരോധന മേഖലയിലേക്ക് കയറി, മഴ ചതിച്ചു; 27 വാഹനങ്ങൾ മലമുകളിൽ കുടുങ്ങി

കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് എത്തിയ 27 വാഹനങ്ങളാണ് കുടുങ്ങിയത്.

dot image

ഇടുക്കി: ട്രക്കിംഗ് നിരോധിച്ച മേഖലയിലേക്ക് കയറിപ്പോയ 27 വാഹനങ്ങൾ മലമുകളിൽ കുടുങ്ങി. നെടുങ്കണ്ടം നാലുമലയിലാണ് അനധികൃതമായി ട്രക്കിംഗ് നടത്തിയ വാഹനങ്ങൾ കുടുങ്ങിയത്. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് എത്തിയ 27 വാഹനങ്ങളാണ് കുടുങ്ങിയത്.

ഇന്നലെ ഉച്ചയോടെയാണ് 40 പേർ അടങ്ങുന്ന സംഘം 27 ഓളം വാഹനങ്ങളിൽ ട്രക്കിംഗിനായി എത്തിയത്. പുഷ്പകണ്ടത്തെ നാലുമലയിലേക്ക് ഇവർ വാഹനങ്ങളുമായി കയറിപ്പോവുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം മഴ ശക്തമായതോടെ വാഹനങ്ങൾ തിരികെ ഇറക്കുവാൻ കഴിയാത്ത സാഹചര്യത്തിൽ എത്തി. ഇരുവശങ്ങളും ചെങ്കുത്തായ മലമുകളിലൂടെ അപകടകരമായ രീതിയിലാണ് വാഹനങ്ങൾ മുകളിലേക്ക് എത്തിച്ചത്.

കുടുങ്ങിയ വാഹനങ്ങൾ പലതും താഴേക്ക് പോകാതെ കയർ കെട്ടി നിർത്തേണ്ടി വന്നു. തുടർന്ന് ഇവർ കാൽനടയായി താഴെ എത്തി നാട്ടുകാരുടെ സഹായം തേടി. സംഘത്തെ നാട്ടുകാരുടെ നേതൃത്വത്തിലാണ് രാമക്കൽമേട്ടിലെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്. ട്രക്കിംഗ് നിരോധിത മേഖലയിലേക്കാണ് അനധികൃതമായി ഇവർ വാഹനവുമായി പോയത്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകുവാൻ ഇടുക്കി ജില്ലാ കളക്ടർ തഹസിൽദാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനം ഓടിച്ചവർക്കെതിരെയും കർശനമായ നടപടി സ്വീകരിക്കുമെന്ന് ഇടുക്കി എസ്പി വിഷ്ണു പ്രദീപും വ്യക്തമാക്കി.

dot image
To advertise here,contact us
dot image