
കോഴിക്കോട്: പി എസ് സി കോഴ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് ആരോപിച്ച് പ്രമോദ് കോട്ടൂളി. ജില്ലാ കമ്മിറ്റിക്ക് നൽകിയ വിശദീകരണത്തിൽ ഗുരുതര വെളിപ്പെടുത്തലുകളാണ് പ്രമോദ് നടത്തിയിട്ടുള്ളത്. വാർത്ത ചോർത്തിയത് മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ അറിവോടെയെന്ന ആരോപണമാണ് പ്രമോദ് ഉന്നയിച്ചിരിക്കുന്നത്. വാർത്ത ചോർത്തിയവർക്ക് മുൻവൈരാഗ്യമെന്നാണ് പ്രമോദിൻ്റെ വിശദീകരണം. മുതിർന്ന നേതാക്കളുടെ റിയൽ എസ്റ്റേറ്റ് ബന്ധങ്ങളും പ്രമോദ് കോട്ടൂളി ജില്ലാ കമ്മിറ്റിക്ക് നൽകിയ വിശദീകരണത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. തന്നെ ഇരയാക്കിയെന്ന നിലപാടാണ് പ്രമോദ് കോട്ടൂളി ജില്ലാ കമ്മിറ്റിക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. വിശദീകരണം തൃപ്തികരമല്ലെന്ന നിലപാടിലാണ് അന്വേഷണ കമ്മീഷൻ. ശനിയാഴ്ച നടക്കുന്ന ജില്ലാ കമ്മറ്റിയിൽ പ്രമോദിനെതിരെ നടപടിയുണ്ടാകും.
തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നിൽ ശത്രുക്കളാണെന്ന് പ്രമോദ് കോട്ടൂളി നേരത്തെ പ്രതികരിച്ചിരുന്നു. ജില്ലാ കമ്മിറ്റിക്ക് വിശദീകരണം നൽകിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രമോദ് കോട്ടൂളി. തൻ്റെ ജീവിതം തുറന്നുകിടക്കുകയാണെന്നും ആർക്ക് വേണമെകിലും അഴിമതിയുണ്ടോ എന്ന് പരിശോധിക്കാമെന്നും പ്രമോദ് കോട്ടൂളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാർട്ടി ഓഫീസിലെത്തിയ പ്രമോദ് കോട്ടൂളി എന്നാൽ പാർട്ടി വിശദീകരണം ചോദിച്ചെന്നതും നിഷേധിച്ചിരുന്നു.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം പ്രമോദ് കോട്ടൂളി മാധ്യമങ്ങൾക്ക് മുന്നിൽ നിഷേധിച്ചിരുന്നു. ആരോപണത്തിന് പിന്നിൽ ശത്രുക്കളാണെന്ന് പറഞ്ഞ പ്രമോദ് എന്നാൽ ആരാണ് ആ ശത്രുക്കൾ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരുന്നില്ല. താൻ എന്തോ അമാനുഷികനായ ആളാണെന്നാണ് വാർത്തയിൽ വരുന്നത്. റിയൽ എസ്റ്റേറ്റ് ഭീകരൻ എന്നൊക്കെയുണ്ട്. എന്നാൽ അതൊന്നുമല്ല. തെരുവിൽ അന്തിയുറങ്ങുന്നവർക്ക് ഭക്ഷണം നൽകിയും മറ്റുമാണ് ഇത്രയും കാലം താൻ പ്രവർത്തിച്ചത്. അവരാണോ റിയൽ എസ്റ്റേറ്റ് എന്നും പ്രമോദ് ചോദിച്ചിരുന്നു.
തനിക്കുണ്ടായ വിഷമം കൊണ്ടാണ് എഫ്ബിയിൽ കാര്യങ്ങൾ വിശദീകരിച്ച് പോസ്റ്റ് ഇട്ടതെന്നും പ്രമോദ് പറഞ്ഞിരുന്നു. തന്റെ പൊതുജീവിതം അപ്പാടെ തുറന്നുകാണിച്ചയാളാണ് താൻ. ആർക്ക് വേണമെങ്കിലും തന്റെ ഇടപാടുകളോ എന്തും പരിശോധിക്കാം. ചിരിക്കുന്നവർ എല്ലാം സുഹൃത്തുക്കളല്ല എന്ന് പറഞ്ഞ പ്രമോദ് ഒരാൾ ശിക്ഷിക്കപ്പെടണമെങ്കിൽ കുറ്റം ചെയ്യണമെന്നും കൃത്യമായ അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നും പറഞ്ഞിരുന്നു.
റിപ്പോർട്ടർ ടിവിയിലെ മീറ്റ് ദി എഡിറ്റേഴ്സ് ചർച്ചകളോടുള്ള മറുപടിയെന്ന നിലയിലാണ് പ്രമോദ് കോട്ടൂളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അമ്മയെ ബോധ്യപ്പെടുത്താനാണ് എഴുതുന്നതെന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. കടം ഉള്ള ആളാണ്, ആ കടം വീട്ടാൻ ബുദ്ധിമുട്ടുകയാണ് താനെന്നുമാണ് പ്രമോദ് പറയുന്നത്. ഒരു റിയൽ എസ്റ്റേറ്റ് ബന്ധവും തനിക്കില്ലെന്നും പ്രമോദ് കുറിച്ചിരുന്നു.
'ഇപ്പോൾ എൻ്റെ പേരിലുള്ള വീടും ഭൂമിയും പണയത്തിലാണ്, ആ ബാങ്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഭരിക്കുന്നതാണ്. ഇതുവരെ ജീവിച്ച കടം തീർക്കാൻ 2020 ൽ എടുത്തവായ്പയാണ്. 2024 ഈ മാസം 9ന് ലോൺ തുക ഇതുവരെ ഒരു പൈസയും അടയ്ക്കാത്തതിൻ്റെ ഭാഗമായി അദാലത്തിൽ വെച്ചിട്ടുണ്ട്, താങ്കൾക്ക് അന്വേഷിക്കാം. 2020 മുതൽ സ്വന്തം വീടിൻ്റെ ലോൺ അടയ്ക്കാൻ പറ്റാത്ത റിയൽ എസ്റ്റേറ്റ് ബന്ധമുള്ള ആളാണ് പ്രമോദ് കോട്ടൂളി. എൻ്റെ ജീവിതം തുറന്ന് വെച്ചിരിക്കുന്നു.... ഞാൻ വർഷങ്ങളായി ഉപയോഗിക്കുന്ന അക്കൗണ്ടുകൾ താങ്കൾക്ക് പരിശോധിക്കാം. കൊന്നു തിന്ന് കഴിഞ്ഞാൽ പിന്നെ പരിശോധിക്കേണ്ടല്ലോ സാറേ..'; പ്രമോദിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്സി അംഗത്വം ശരിയാക്കാമെന്ന വാഗ്ദാനം നൽകി പണംവാങ്ങിയെന്നാണ് പ്രമോദ് കോട്ടൂളിക്കെതിരെ ഉയർന്ന പരാതി. ലക്ഷം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടതെന്നും ആദ്യ ഘഡുവായി 22 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നതായാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ പ്രമോദിനെതിരെ വിമർശനം ഉയർന്നിരുന്നു.