
May 25, 2025
02:34 AM
കൊച്ചി: തിമിംഗലത്തിൻ്റെ ദഹനാവശിഷ്ടമായ ആംബർഗ്രീസുമായി ലക്ഷദ്വീപ് സ്വദേശികളായ രണ്ട് പൊലീസുകാർ കൊച്ചിയിൽ പിടിയിൽ. അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഒന്നര കിലോ ആംബർഗ്രീസുമായാണ് ഇവർ പിടിയിലായത്. ഗാന്ധിനഗറിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ വച്ചാണ് പൊലീസുകാരായ ജാഫർ, നൗഷാദ് എന്നിവരെ പിടികൂടിയത്. ലക്ഷദ്വീപ് പൊലീസിലെ കോൺസ്റ്റബിൾമാരാണ് ഇരുവരും. ഓൺലൈൻ മുഖേനെയാണ് ഇവർ ആംബർഗ്രീസ് വിൽക്കാൻ ശ്രമിച്ചത്. എന്നാൽ ആംബർഗ്രീസ് വിൽക്കാനുള്ള ഇടനിലക്കാരായി വേഷം മാറിയെത്തിയാണ് ഡാൻസാഫ് സംഘം ഇവരെ കുടുക്കിയത്.
പഴക്കമില്ലാത്ത ആംബർഗ്രീസാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. ദ്വീപിൽ നിന്ന് കൊച്ചിയിലെത്തിയ ആളാണ് ആംബർഗ്രീസ് കൈമാറിയതെന്നാണ് നൗഷാദും ജാഫറും പൊലീസിന് നൽകിയ മൊഴി. മാത്രമല്ല, ഇയാൾ കഴിഞ്ഞ ദിവസം കപ്പലിൽ ദ്വീപിലേക്ക് മടങ്ങിയെന്നും ഇവർ പറഞ്ഞു. ഇയാൾ ദ്വീപിലെത്തുമ്പോൾ പൊലീസ് കസ്റ്റഡിയിലെടുക്കും. പിന്നീട് ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യും. മാത്രമല്ല, ആംബർഗ്രീസ് എവിടെ നിന്നാണ് ഇയാൾക്ക് ലഭിച്ചതെന്ന് പൊലീസ് അന്വേഷിക്കും.
കൊച്ചി സിറ്റി ഡിസിപിയുടെ കീഴിലുള്ള ഡാൻസാഫ് സംഘമാണ് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ എത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ പൊലീസ് മലയാറ്റൂർ ഡിവിഷന് കീഴിലുള്ള മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു.