
തിരുവനന്തപുരം: ചൈനയിൽ നിന്നുള്ള ചരക്കുകപ്പൽ സാൻഫെർണാണ്ടോ പുറംകടലിലെത്തി. വിഴിഞ്ഞത്ത് നിന്ന് 25 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ. ചൈനയിൽ നിന്നുള്ള സാൻ ഫെർണാൻഡോ കപ്പൽ പുറംകടലിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ഏഴരയോടെ തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലെത്തും. വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യമദർഷിപ്പ് രാവിലെ ഒൻപത് മണിക്ക് തീരമടുക്കും. നാളെയാണ് ഔദ്യോഗിക സ്വീകരണ ചടങ്ങ്. രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെൻ്റ് തുറമുഖമാണ് വിഴിഞ്ഞത്തേത്. 7700 കോടി രൂപയുടെ പദ്ധതിയാണ് വിഴിഞ്ഞ് ഒരുങ്ങുന്നത്.
ചൈനയിലെ സിയമിൻ തുറമുഖത്തുനിന്ന് പുറപ്പെട്ട സാൻ ഫെർണാൻഡോ കപ്പൽ ഇന്നലെ അർദ്ധരാത്രിയോടെ പുറം കടലിലെത്തി. ഇന്ന് രാവിലെ 7.30 ന് ടഗ്ഗുകൾ ഉപയോഗിച്ച് കപ്പൽ ബെർത്തിലേക്ക് കൊണ്ടുവരും. കാലാവസ്ഥ അനുകൂലമെങ്കിൽ 8.30നും 9 മണിക്കും ഇടയിൽ കപ്പൽ ബർത്തിൽ അടുപ്പിക്കും. നാളെയാണ് ഔദ്യോഗിക സ്വീകരണ ചടങ്ങെങ്കിലും ഇന്ന് തന്നെ കണ്ടെയ്നറുകൾ ഇറക്കിത്തുടങ്ങും. രണ്ടായിരത്തിലേറെ കണ്ടെയ്നറുകളുമായാണ് മെസ്ക് ലൈൻ കപ്പൽ കമ്പനിയുടെ സാൻ ഫെർണാൻഡോ തുറമുഖത്ത് എത്തുന്നത്. ഇതിൽ 1960 എണ്ണം വിഴിഞ്ഞത്ത് ഇറക്കും. ബാക്കിയുള്ള കണ്ടെയ്നറുകളുമായി നാളെ വൈകിട്ട് കപ്പൽ യൂറോപ്പിലേക്ക് തിരിക്കും.
നാളെയോടെ തന്നെ കണ്ടെയ്നറുകൾ കയറ്റാനുള്ള ഫീഡർ വെസലുകളും എത്തും. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ സംസ്ഥാന മന്ത്രിമാർ എന്നിവർ ചേർന്ന് നാളെയാണ് കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കുക. ചടങ്ങിൽ അദാനി പോർട്സ് സിഇഒ കരൺ അദാനിയും പങ്കെടുക്കും. മൂന്നുമാസക്കാലം ഈ വിധം ട്രയൽറൺ തുടരും. ജൂലൈയിൽ തന്നെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ ലോകത്തെ ഏറ്റവും വലിയ കപ്പലും വിഴിഞ്ഞെത്തുമെന്ന് അദാനി പോർട്സ് അറിയിച്ചു.