കേരളത്തിലേക്ക് വീണ്ടും കോളറ; തിരുവനന്തപുരത്ത് 13കാരന് രോഗം സ്ഥിരീകരിച്ചു

ഇതേ ഹോസ്റ്റലിലെ ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചത് കോളറ ബാധയെ തുടർന്നെന്ന സംശയം ഇതോടെ ബലപ്പെട്ടിരിക്കുകയാണ്

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോളറ ബാധ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ 13 വയസ്സുള്ള കുട്ടിക്കാണ് കോളറ ബാധ സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ എട്ടുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഹോസ്റ്റലിൽ ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗവും പരിശോധന നടത്തി. ഇതേ ഹോസ്റ്റലിലെ ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചത് കോളറ ബാധയെ തുടർന്നെന്ന സംശയം ഇതോടെ ബലപ്പെട്ടിരിക്കുകയാണ്.

നെയ്യാറ്റിൻകരയിലെ ഭിന്നശേഷി ഹോസ്റ്റലിലെ 26 വയസ്സുകാരൻ അനുവാണ് കഴിഞ്ഞ ദിവസം മരിച്ചത്. അനുവിന് ശർദ്ദിയും വയറിളക്കവും ഉണ്ടായിരുന്നു. ഇതാണ് മരണകാരണം കോളറ ആണോ എന്ന് സംശയത്തിന് ഇടയാക്കിയത്. വിശദമായ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അനു മരിച്ചത്. അനുവിന്റെ സ്രവ സാമ്പിള് ഉള്പ്പെടെ പരിശോധിക്കാൻ സാധിക്കാതിരുന്നതിനാൽ മരണം കോളറ മൂലമാണോ എന്ന് സ്ഥിരീകരിക്കാനായിരുന്നില്ല.

തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ച് ഡിഎച്ച്എസിന് ഡിഎംഒ റിപ്പോർട്ട് നൽകി. എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും സ്വീകരിച്ചതായി ഡിഎംഒ അറിയിച്ചു. നിലവിൽ ഒരാൾക്കാണ് കോളറ സ്ഥിരീകരിച്ചിരിക്കുന്നതെന്നും ഏഴുപേർ കോളറ ലക്ഷണങ്ങളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞദിവസം മരിച്ച 26 കാരൻറെ പരിശോധനാഫലത്തിൽ കോളറ സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

2017 ലായിരുന്നു സംസ്ഥാനത്ത് അവസാനമായി കോളറ ബാധിച്ച് മരണം സംഭവിച്ചത്. എന്നാൽ കഴിഞ്ഞ ആറ് മാസത്തിനിടെ ഒമ്പത് പേർക്ക് സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗം പകരുന്നതെങ്ങനെ ?

ജലത്തിലൂടെ പകരുന്ന രോഗമാണ് കോളറ. വിബ്രിയോ കോളറേ എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗാണു ശരീരത്തിലെത്തുന്നത്. ശരീരത്തിൽ കടക്കുന്ന ബാക്ടീരിയ "കോളറാ ടോക്സിൻ" എന്ന വിഷവസ്തു ഉത്പാദിപ്പിക്കും. ഈ വിഷവസ്തുവാണ് വയറിളക്കത്തിന് കാരണമാകുന്നത്. മനുഷ്യരുടെ മലവിസർജ്ജനം വഴി പുറത്തെത്തുന്ന ഈ ബാക്ടീരിയകൾ കുടിവെള്ളത്തിൽ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യും. ഈച്ചയും ഈ രോഗം പരത്തുന്നതിൽ പ്രധാനപങ്ക് വഹികുന്നുണ്ട്. ബാക്ടീരിയ ശരീരത്തിൽ എത്തിക്കഴിഞ്ഞാൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ 12 മണിക്കൂർ മുതൽ 5 ദിവസം വരെ എടുക്കും. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിക്കാം.

പ്രധാന ലക്ഷണങ്ങൾ

ഛര്ദിയും വയറിളക്കവുമാണ് കോളറയുടെ പ്രധാന ലക്ഷണം. കാലുകള്ക്ക് ബലക്ഷയം, ചെറുകുടല് ചുരുങ്ങല്, ശരീരത്തില് നിന്ന് അമിതമായി ജലാംശം നഷ്ടപ്പെടല്, തളര്ച്ച, വിളര്ച്ച, എന്നിങ്ങനെയുള്ള ലക്ഷണങ്ങളും കണ്ടേക്കാം. ഛര്ദിയും വയറിളക്കവും മൂലം ജലാംശം നഷ്ടമാകുന്നത് ശരീരതളര്ച്ചയ്ക്കും ബോധക്ഷയത്തിനും കാരണമാകും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • പുറത്ത് നിന്ന് വെള്ളം കുടിക്കുന്നത് ഒഴിവാക്കുകയാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം.

  • തിളപ്പിച്ചാറ്റിയ ശുദ്ധമായ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക

  • ആഹാര പദാർത്ഥങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങൾ ശുചിയായി വെക്കുക

  • ഭക്ഷണത്തിന് മുൻപ് കൈകൾ നന്നായി സോപ്പിട്ട് കഴുകുക

  • പച്ചക്കറികൾ പാകം ചെയ്ത് കഴിക്കാൻ ശ്രദ്ധിക്കുക

dot image
To advertise here,contact us
dot image