'മേയറുടെ നിലപാടുകൾ കാരണം തൃശ്ശൂരിൽ തോറ്റു, സ്ഥാനമൊഴിയണം'; സിപിഐ രംഗത്ത്

സിപിഐയുടെ രാജി ആവശ്യം താൻ അറിഞ്ഞിട്ടില്ലെന്നാണ് മേയർ പ്രതികരിച്ചത്

dot image

തൃശൂർ: തൃശൂർ മേയർ എം കെ വർഗീസിനെതിരെ സിപിഐ രംഗത്ത്. മേയറുടെ നിലപാടുകൾ തൃശൂരിലെ പരാജയത്തിന് ഒരു കാരണമാണെന്നും അദ്ദേഹം സ്ഥാനമൊഴിയണമെന്നും സിപിഐ ജില്ലാ സെക്രട്ടറി വത്സരാജ് പറഞ്ഞു.

രൂക്ഷവിമർശനമാണ് വത്സരാജ് മേയർക്കെതിരെ ഉന്നയിച്ചത്. മേയറുടെ ബിജെപി അനുകൂല നിലപാട് പ്രതിഷേധാർഹമെന്നും ആ നടപടി ശരിയല്ലെന്നും പറഞ്ഞ വത്സരാജ് മുൻധാരണ പ്രകാരം സ്ഥാനം രാജിവെച്ച് മുന്നണിയിൽ തുടരാൻ തയാറാകണമെന്ന് ആവശ്യപ്പെട്ടു. തൃശൂരിലെ പരാജയത്തിന് ഒരു കാരണം മേയറുടെ നിലപാടുകളാണെന്ന് പറഞ്ഞ വത്സരാജ് തുടർ നടപടികൾ മേയറുടെ നിലപാടറിഞ്ഞ ശേഷമുണ്ടാകുമെന്നും അറിയിച്ചു.

എന്നാൽ സിപിഐയുടെ രാജി ആവശ്യം താൻ അറിഞ്ഞിട്ടില്ലെന്നാണ് മേയർ പ്രതികരിച്ചത്. ദിവസങ്ങൾക്ക് മുൻപ് തൃശൂരിൽ വെച്ചുനടന്ന ഒരു പടുപാടിയിൽ സുരേഷ് ഗോപിയെ പ്രശംസിച്ചുകൊണ്ട് മേയർ വീണ്ടും രംഗത്തെത്തിയിരുന്നു. ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കവെ ബിജെപിയിൽ പോകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് തൃശൂര് മേയർ എം കെ വർഗീസ് പറഞ്ഞിരുന്നു. വലിയ പ്രതീക്ഷയിലാണ് സുരേഷ് ഗോപിയെ തിരഞ്ഞെടുത്തത്. വികസനം നടത്താൻ തയ്യാറായാൽ കൂടെ നിൽക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. ആര് വികസനത്തിനൊപ്പം നിന്നാലും താൻ അവർക്കൊപ്പം നിൽക്കും. സുരേഷ് ഗോപിക്ക് വികസനത്തിൽ ഉദ്ദേശ ലക്ഷ്യങ്ങൾ ഉണ്ട്. അദ്ദേഹത്തിന്റെ വികസന പ്രവർത്തനങ്ങളെ സ്വാഗതം ചെയ്യും. സിപിഐയുടെ എതിർപ്പ് തന്നോട് പറഞ്ഞിട്ടില്ലെന്നും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും പറഞ്ഞ എം കെ വർഗീസ് എവിടെയോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്ത്തിരുന്നു.

dot image
To advertise here,contact us
dot image