
പത്തനംതിട്ട: ജയില് മോചിതനായ കാപ്പ കേസ് പ്രതിയെ സ്വീകരിച്ച് പാര്ട്ടി അംഗത്വം നല്കിയ സംഭവത്തില് പ്രതികരിച്ച് മന്ത്രി വീണാ ജോർജ്. ആയിരക്കണക്കിന് ആളുകളാണ് പാർട്ടിയിലേക്ക് വരുന്നതെന്നും ഒരു തരത്തിലുള്ള ആശങ്കക്കും അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു. ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയാണ്. ബിജെപിയിലും ആര്എസ്എസിലും പ്രവർത്തിച്ചവരാണ് പാർട്ടിയിലേക്ക് വന്നത്. വിശദമായ മറുപടി പാർട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ട്. മുമ്പ് തെറ്റായ രാഷ്ട്രീയവും രീതികളും പിന്തുടർന്നവർ അത് ഉപേക്ഷിച്ചു വന്നവരാണ്. അത് കൊണ്ടാണ് ചെങ്കൊടി ഏന്താൻ തയ്യാറായി വന്നതെന്നും അവര് പറഞ്ഞു.
എന്നാല് പാർട്ടിയിലേക്ക് വരുന്നതോടെ ക്രിമിനൽ പശ്ചാത്തലം ഇല്ലാതാകുമോ എന്ന ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞില്ല. കഴിഞ്ഞ ദിവസമായിരുന്നു ശരണ് ചന്ദ്രന് ഉള്പ്പെടെയുള്ളവരെ മന്ത്രി വീണാ ജോര്ജും പാര്ട്ടി ജില്ലാ നേതൃത്വവും മാലയിട്ട് സ്വീകരിച്ചത്. പത്തനംതിട്ട കുമ്പഴയിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ വര്ഷം കേസില്പ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ശരണ് ചന്ദ്രനെ അന്ന് കാപ്പ 15(3) പ്രകാരം താക്കീത് നല്കി വിട്ടയച്ചിരുന്നു. കുറ്റകൃത്യത്തില് ഏര്പ്പെടരുത് എന്ന താക്കീത് നല്കിയായിരുന്നു ശരണിനെ വിട്ടയച്ചത്. ശേഷം പത്തനംതിട്ട പൊലീസ് സ്റ്റേഷനില് ശരണ് ചന്ദ്രനെതിരെ 308 വകുപ്പ് പ്രകാരം ഒരു കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു. ഇതോടെ കാപ്പ ലംഘിച്ചെന്ന പേരില് മലയാലപ്പുഴ പൊലീസ് ശരണ് ചന്ദ്രനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില് ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചു.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശരണ് ചന്ദ്രനെ 308 വകുപ്പ് പ്രകാരമുള്ള കേസില് അറസ്റ്റ് ചെയ്തു .കോടതി പ്രതിയെ റിമാന്റ് ചെയ്തു. കഴിഞ്ഞ ജൂണ് 23 ന് റിമാന്റ് കാലാവധി കഴിഞ്ഞ് ശരണ് ചന്ദ്രന് പുറത്തിറങ്ങി. തുടര്ന്നാണ് സിപിഐഎം ജില്ലാ നേതൃത്വം പാര്ട്ടി അഗത്വം നല്കിയത്. പത്തനംതിട്ട കുമ്പഴയില് നടന്ന സ്വീകരണ പരിപാടി മന്ത്രി വീണാ ജോര്ജ്ജാണ് ഉദ്ഘാടനം ചെയ്തത്. കാപ്പ 15(3) പ്രകാരം അറസ്റ്റിലായി റിമാന്റ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതിക്ക് പാര്ട്ടി അംഗത്വം നല്കിയതില് വെട്ടിലായിരിക്കുകയാണ് സിപിഐഎം പത്തനംതിട്ട ജില്ലാ നേതൃത്വം. ശരണ് ചന്ദ്രനടക്കം 60 പേര്ക്കാണ് കുമ്പഴയിലെ സ്വീകരണ യോഗത്തില് പാര്ട്ടി അംഗത്വം നല്കിയത്.
ശരണ് ചന്ദ്രന് സാമൂഹിക വിരുദ്ധനല്ലെന്നും നിലവിലെ കേസുകള് യുവമോര്ച്ചയില് പ്രവര്ത്തിച്ചപ്പോള് ഉള്ളതാണെന്നും സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉദയഭാനു പറഞ്ഞു. പൊതു പ്രവര്ത്തകര്ക്കെതിരെ കാപ്പ ചുമത്തുന്നത് തെറ്റാണെന്നും കേസെടുത്തതുകൊണ്ടുമാത്രം ഒരാള് കുറ്റവാളിയാകില്ലെന്നുമായിരുന്നു കെ പി ഉദയഭാനുവിന്റെ വിശദീകരണം.