
ആലപ്പുഴ: മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിനിടെ തുടർച്ചയായി കൂവിയയാളെ മന്ത്രിതന്നെ ഇടപെട്ട് പുറത്താക്കി. മന്ത്രി ഭരണനേട്ടങ്ങൾ വിവരിക്കുമ്പോളായിരുന്നു കാണികളിൽ ഒരാൾ തുടർച്ചയായി കൂവിയത്.
ആലപ്പുഴയിൽ എസ്എസ്എൽസി, പ്ലസ് ടു വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്ന വേദിയിലാണ് സംഭവം. ഏഴ് വർഷം കൊണ്ട് 86 ഡോക്ടർമാരെ സൃഷ്ടിച്ച സർക്കാരാണ് പിണറായി സർക്കാരെന്ന് മന്ത്രി പറഞ്ഞപ്പോൾ ദേ വരുന്നു ആദ്യ കൂവൽ. മന്ത്രി ആദ്യം അവഗണിച്ചെങ്കിലും ഇടയ്ക്കിടയ്ക്ക് കൂവൽ തുടർന്നു. അവസാനം 'ഇത് സൂക്കേട് വേറെയാ' എന്നുപറഞ്ഞ് പ്രതിരോധം.
മന്ത്രി കൈചൂണ്ടി പറഞ്ഞിട്ടും 'കൂവൽ വിദഗ്ധൻ' പിന്നോട്ടില്ല ! തീരദേശത്തെ സ്കൂളുകൾ എല്ലാം സർക്കാർ മികച്ച നിലവാരത്തിലാക്കിയെന്ന് പറഞ്ഞപ്പോൾ കക്ഷിക്ക് വീണ്ടും കൂവാൻ മുട്ടി. പക്ഷെ അപ്പോഴേക്കും മന്ത്രിതന്നെ ഇടപെട്ടു. ഇവിടെ പൊലീസുകാരൊന്നുമില്ലേ എന്ന ചോദ്യത്തിനൊപ്പം കക്ഷിയെ പിടിച്ചുകൊണ്ടുപോകാനും പറഞ്ഞു. കേട്ട പാതി കേൾക്കാത്ത പാതി പൊലീസ് വന്നില്ലെങ്കിലും എൽഡിഎഫ് പ്രവർത്തകർ തന്നെ കൂവൽ വിദഗ്ധനെ 'പൊക്കി' പുറത്താക്കി. ശേഷം പൊലീസ് ഇയാളെ മാറ്റുകയും ചെയ്തു.