കാര്യവട്ടം സംഘർഷം; വിസിക്ക് റിപ്പോർട്ട് നല്കി രജിസ്ട്രാർ, റിപ്പോർട്ട് തള്ളി കെഎസ്യു

നേരത്തെ രജിസ്ട്രാർ നിയമിച്ച അന്വേഷണ കമ്മീഷൻ വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു

dot image

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ സംഘർഷത്തിൽ സർവ്വകലാശാല വിസിക്ക് റിപ്പോർട്ട് സമർപ്പിച്ച് രജിസ്ട്രാർ. ഹോസ്റ്റലിൽ ഇടിമുറി ഇല്ലെന്നും സിസി ടിവി പ്രവർത്തിക്കാത്തതിനാൽ ദൃശ്യങ്ങൾ ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ രജിസ്ട്രാർ നിയമിച്ച അന്വേഷണ കമ്മീഷൻ രജിസ്ട്രാർക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ റിപ്പോർട്ടാണ് വിസിക്ക് രജിസ്ട്രാർ കൈമാറിയത്.

ഹോസ്റ്റലിലെ 121-ാം നമ്പർ മുറിയില് കൊണ്ടുപോയി മർദ്ദിച്ചെന്നായിരുന്നു കെഎസ്യുവിന്റെ ആരോപണം. എന്നാൽ ഈ മുറി റിസർച്ച് സ്കോളർക്ക് അനുവദിച്ച മുറിയാണെന്നും സംഭവ ദിവസം ആ മുറി പൂട്ടി കിടക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ടിലുള്ളത്. സംഘർഷത്തിന് തുടക്കമിട്ടത് എസ്എഫ്ഐ ആണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ സംഘർഷ കാരണം കെഎസ്യു പ്രവർത്തകയുടെ സഹോദരന് കോളേജിലെത്തിയതാണ് എന്നും റിപ്പോർട്ടിലുണ്ട്. പെണ്കുട്ടിയെ ഹോസ്റ്റലിലാക്കി മടങ്ങിയ സഹോദരന്റെ ബൈക്ക് എസ് എഫ് ഐ പ്രവർത്തകർ തടഞ്ഞു നിർത്തി താക്കോല് ഊരിയെടുത്തുവെന്നും ശേഷം താക്കോലുമായി എസ് എഫ് ഐ പ്രവർത്തകർ ഹോസ്റ്റല് മുറിയിലേക്ക് പോയെന്നും റിപ്പോർട്ട് പറയുന്നു. പിന്നാലെ കെഎസ്യു പ്രവർത്തകരും ഹോസ്റ്റലിന് മുന്നിലേക്ക് നീങ്ങി. ഇതോടെയാണ് ഇരുകൂട്ടരും തമ്മില് സംഘർഷമുണ്ടായതെന്നും റിപ്പോർട്ട് പറയുന്നു.

അതേസമയം റിപ്പോർട്ടിനെ തള്ളി കെഎസ്യു രംഗത്തെത്തിയിട്ടുണ്ട്. കുറ്റക്കാരായ എസ്എഫ്ഐ പ്രവർത്തകരെ സംരക്ഷിക്കുവാനുള്ള നീക്കമാണ് ഇതെന്നും ഇടത് അധ്യാപകർ മാത്രം ഉൾപ്പെട്ട അന്വേഷണ സമിതി റിപ്പോർട്ട് പ്രതിഷേധാർഹമാണെന്നും നീതി ലഭ്യമാകും വരെ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും കെഎസ്യു പ്രതികരിച്ചു.

കെ എസ് യു തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയും എം എ മലയാളം വിദ്യാർഥിയുമായ സാൻജോസിനെ കാര്യവട്ടം ക്യാമ്പസിലെ ഇടിമുറിയിലിട്ട് എസ് എഫ് ഐ പ്രവർത്തകർ മര്ദിച്ചെന്നാണ് കെ എസ് യു ആരോപിച്ചിരുന്നത്. തുടർന്ന് എസ് എഫ് ഐ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അർധരാത്രി കെ എസ് യു പ്രവര്ത്തകര് ശ്രീകാര്യം പൊലീസ് സ്റ്റേഷന് ഉപരോധിച്ചു. സ്റ്റേഷൻ ഉപരോധത്തിൽ പങ്കെടുത്ത കോൺഗ്രസ് എം എൽ എമാർ അടക്കമുള്ളവർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് പൊലീസ് കേസെടുക്കുകയും ചെയ്തു . സാൻജോസിന്റെ പരാതിയിൽ എസ് എഫ് ഐ പ്രവർത്തകർക്കെതിരെയും സ്റ്റേഷന് മുന്നിലെ സംഘർഷത്തിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് നന്ദൻ അടക്കമുള്ളവർക്കെതിരെയും കേസെടുത്തിരുന്നു.

കാര്യവട്ടം ക്യാമ്പസിലെ സംഘർഷം; എസ്എഫ്ഐ - കെഎസ്യു പ്രവർത്തകരുടെ പരാതിയിൽ കേസ്
dot image
To advertise here,contact us
dot image