'നജീബ് ഗംഗയാവുമെന്ന് പ്രതീക്ഷിച്ചു, ഞെട്ടിച്ച് നാഗവല്ലിയായി'; പപ്പു പരാമർശത്തില് റിയാസിന്റെ മറുപടി

മന്ത്രിയുടെ മറുപടിയില് നോട്ടീസിന് അനുമതി നിഷേധിച്ചു.

dot image

തിരുവനന്തപുരം: കേരളത്തിലെ റോഡിലിറങ്ങുമ്പോള് മണിച്ചിത്രത്താഴിലെ കുതിരവട്ടം പപ്പുവിന്റെ അവസ്ഥയാണെന്ന നജീബ് കാന്തപുരത്തിന്റെ പരാമര്ശത്തില് മറുപടിയുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. എംഎല്എയുടെ മണ്ഡലത്തില് ഇത്രത്തോളം ബിഎംബിസി റോഡുകള് അനുവദിച്ച സാഹചര്യത്തില് അദ്ദേഹം ഗംഗയാവുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല് തന്നെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം നാഗവല്ലിയായെന്ന് റിയാസ് പരിഹസിച്ചു. കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയില് അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. മന്ത്രിയുടെ മറുപടിയില് നോട്ടീസിന് അനുമതി നിഷേധിച്ചു.

'പ്രതിപക്ഷം മണിച്ചിത്രത്താഴിലെ കുതിരവട്ടം പപ്പുവിന്റെ കഥ പറയുകയുണ്ടായി. ശോഭന ഗംഗയും നാഗവല്ലിയും ആകുന്ന അത്യുജ്ജ്വലമായ മണിച്ചിത്രത്താഴ്. നജീബ് കാന്തപുരം വിനത്തോടെ ഗംഗയാവുമെന്നാണ് ഞാന് പ്രതീക്ഷിച്ചത്. ഇത്രയും ബിഎംബിസി റോഡുകള് സ്വന്തം മണ്ഡലത്തില് കിട്ടിയതല്ലേ. എന്നാല് ഞാന് ഞെട്ടി. അദ്ദേഹം നാഗവല്ലിയാവുകയായിരുന്നു.' എന്നായിരുന്നു റിയാസിന്റെ പരിഹാസം. മന്ത്രിമാര് തമ്മില് നല്ല ഏകോപനത്തോടെയാണ് പ്രവര്ത്തിക്കുന്നത്. കുടിവെള്ളത്തിന് പൈപ്പിടാന് ആകാശത്തിലൂടെ സാധിക്കില്ലല്ലോ. അതിന് അനുമതി കൊടുക്കാതിരിക്കാന് കഴിയില്ലല്ലോയെന്നും റിയാസ് ചോദിച്ചു.

ചൊറിയുന്നിടത്ത് മാന്തുന്നതിനേക്കാള് ആത്മസുഖം വേറെയില്ലായെന്നാണ് ബഷീര് പറഞ്ഞത്. കുറച്ചുകാലമായി പിഡബ്ല്യൂഡി വകുപ്പ് കൈയ്യില് നിന്നും നഷ്ടപ്പെട്ടതിന്റെ പ്രയാസത്തിന്റെ ഭാഗമായാണ് ചൊറിച്ചില്. മാന്തുമ്പോള് മുറിവേല്ക്കുമ്പോള് സ്വന്തം ശരീരത്തിലാണോയെന്നും ഓര്ക്കേണ്ടതുണ്ടെന്നും റിയാസ് പറഞ്ഞു. അതിനിടെ കൂടോത്ര വിവാദത്തിലും മന്ത്രി പരിഹസിച്ചു. കൂടോത്രത്തിന്റെ പേരിലൂം റോഡ് കീറുന്നുണ്ട്. കേരളം യുഡിഎഫ് ണ് ഭരിക്കുന്നതെങ്കില് ട്വന്റി 20 ക്രിക്കറ്റ് പോലൊരു മത്സരം നടക്കുമായിരുന്നു. എത്രപാലം പൊളിഞ്ഞുവെന്ന് മാത്രം നോക്കിയാല് മതിയെന്നും മന്ത്രി പറഞ്ഞു.

അതേസമയം റോഡ് നന്നായി കഴിഞ്ഞാല് ജല്ജീവന് മിഷന്കാര് റോഡ് കുഴിക്കുകയാണ്. സമയബന്ധിതമായി പൂര്വ്വസ്ഥിതിയിലേക്ക് ആക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല ചൂണ്ടികാട്ടി.

കരാറുകാര്ക്ക് കോടിക്കണക്കിന് കുടിശ്ശികയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. പ്രവര്ത്തി തുടങ്ങാന് കരാറുകാരുടെ കൈയ്യില് പണമില്ല. കരാറുകാരെ നിര്ബന്ധിക്കേണ്ടി വരികയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടി. അടിയന്തര പ്രമേയം മന്ത്രിയെ വിചാരണ ചെയ്യാനല്ല. വകുപ്പുകള് തമ്മിലോ ഉദ്യോഗസ്ഥര് തമ്മിലോ ഏകോപനമില്ല. മന്ത്രിമാര് തമ്മില് സൗഹൃദമുണ്ടാകാം. എന്നാല് താഴെത്തട്ടില് ഏകോപനമില്ലെന്നും പ്രതിപക്ഷ നേതാവ് ആവര്ത്തിച്ചു.

dot image
To advertise here,contact us
dot image