
കൊച്ചി: ഹൈറിച്ച് തട്ടിപ്പ് കേസിൽ എംഡി കെ ഡി പ്രതാപനെ എൻഫോഴ്സ്മെന്റ് ഡയറക്ടററ്റ് അറസ്റ്റ് ചെയ്തു. എച്ച് ആർ കറൻസിയുടെ പേരിൽ കോടികൾ വിദേശത്തേയ്ക്ക് കടത്തിയ കേസിലാണ് ഇഡി പ്രതാപനെ അറസ്റ്റ് ചെയ്തത്. ഓഫീസിലേക്ക് വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതാപനെ നാളെ കോടതിയിൽ ഹാജരാക്കും.
ഓൺലൈൻ മൾട്ടിലെവൽ മാർക്കറ്റിംഗ് തട്ടിപ്പിന്റെ പേരിൽ കമ്പനി ഉടമകളായ കെ ഡി പ്രതാപനേയും ഭാര്യ ശ്രീനയെയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. മണിചെയിൻ തട്ടിപ്പിന് പുറമേ ബിറ്റ് കോയിൻ തട്ടിപ്പിലും ഇവരെ ചോദ്യം ചെയ്തിരുന്നു. ഓൺലൈൻ മൾട്ടിലെവൽ മാർക്കറ്റിങ്ങിന്റെ മറവിൽ ഹൈറിച്ച് കമ്പനി 1,157 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ.
3,000 പേരിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം വാങ്ങി സ്വരൂപിച്ച 150 കോടി രൂപയിൽ 100 കോടി രൂപ ഹവാല ഇടപാടുകൾ വഴി ഉടമകൾ വിദേശത്തേക്ക് കടത്തിയെന്നായിരുന്നു ഇ ഡി ക്ക് ലഭിച്ച പരാതി. ഉടമകളുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ മരവിപ്പിച്ചിരുന്നു. കെ ഡി പ്രതാപന്റെയും ഭാര്യ ശ്രീനയുടെയും 212 കോടി രൂപയുടെ സ്വത്താണ് മരവിപ്പിച്ചത്. ക്രിപ്റ്റോ കറൻസി തട്ടിപ്പ് വഴി പ്രതികൾ 850 കോടി സമാഹരിച്ചുവെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്.